മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കോവിഡ് പരിശോധന ഫലമെത്തിയത്. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ് രശ്മി. ' തിങ്കളാഴ്ച രാത്രിയാണ് കോവിഡ് പോസിറ്റീവാണെന്ന പരിശോധനഫലം വന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ'യിൽ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണവര്' രശ്മിയുടെ ആരോഗ്യവിവരം പുറത്തു വിട്ട് അധികൃതർ അറിയിച്ചു. കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച വ്യക്തിയാണ് രശ്മി. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് ജെജെ ഹോസ്പിറ്റലിൽ നിന്നാണ് ഇവർ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്.
ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം വകുപ്പ് മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ആദിത്യക്ക് രോഗം സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇതിനിടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കോവിഡ് ബാധിതനാകുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായ മുണ്ഡെയ്ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
താൻ വീണ്ടും രോഗബാധിതനാണെന്ന വിവരം മുണ്ടെ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി ഈ അടുത്ത കുറച്ചു ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു ട്വിറ്റർ സന്ദേശം. എല്ലാവരും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മറ്റുള്ളവരോട് കരുതൽ ഉള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് മുണ്ഡെ.
माझी आज दुसऱ्यांदा कोरोना चाचणी positive आली आहे.गेल्या काही दिवसात माझ्या संपर्कात आलेल्या सर्वांनी आपली तपासणी करून घ्यावी ही विनंती.मी डॉक्टरांच्या सल्ल्यानुसार काळजी घेत आहे. काळजी करण्यासारखं काही नाही.सर्वांनी मास्क वापरावा,सोशल डिस्टन्सचे पालन करावे व स्वतःची काळजी घ्यावी.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ഇടയ്ക്ക് രോഗവ്യാപനം നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും രോഗവ്യാപനം ഉയരുകയാണ്. പ്രതിദിന കോവിഡ് കണക്കിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് പ്രതിദിനം പതിനായിരക്കണക്കിന് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 28,699 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 132 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പ്രദേശങ്ങളില്‍ ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങൾ നടപ്പാക്കി സംസ്ഥാനം കനത്ത ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുൻപുണ്ടായിരുന്ന ജംബോ ഹോസ്പിറ്റൽ സംവിധാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. കിടക്കകള്‍ ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പൂനെ കോളജ് ഓഫ് എഞ്ചിനിയറിംഗിലാണ് 500 കിടക്കകളുടെ സൗകര്യവുമായി ജംബോ ആശുപത്രി സംവിധാനം ഒരുങ്ങുന്നത്. മറ്റ് ആശുപത്രികളിലും കോവിഡ് രോഗികൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്നാണ് പൂനെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.