നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19| കോവിഡിനെതിരെ 130 ദിവസം നീണ്ട പോരാട്ടം; അവിശ്വസനീയ തിരിച്ചുവരവ് നടത്തി വിശ്വാസ് സൈനി

    Covid 19| കോവിഡിനെതിരെ 130 ദിവസം നീണ്ട പോരാട്ടം; അവിശ്വസനീയ തിരിച്ചുവരവ് നടത്തി വിശ്വാസ് സൈനി

    കഴിഞ്ഞ ഏപ്രില്‍ 28നാണ് വിശ്വാസിന് കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

    • Share this:
      കോവിഡ് 19 മഹാമാരി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സംഹാര താണ്ഡവം തുടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്. മഹാമാരിയുമായുള്ള പോരാട്ടത്തിന് വിവിധ വശങ്ങളുണ്ട്. ചിലര്‍ തങ്ങളുടെ എല്ലാ ധൈര്യവും സംഭരിച്ച് വൈറസിനെതിരെ പോരാടുന്നു, എന്നാല്‍ എത്രയൊക്കെ സമര്‍ത്ഥമായി പോരാടിയിട്ടും ചിലർക്ക് വൈറസിന് മുന്നിൽ കീഴ്‌പ്പെടേണ്ടി വരാറുണ്ട്.

      അതേസമയം, എന്ത് തന്നെ സംഭവിച്ചാലും വൈറസ് ഏൽപ്പിച്ച പ്രതിസന്ധിക്കെതിരെ പോരാടാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ടവരുണ്ട് . അത്തരം ഒരു പോരാട്ടം നടത്തുകയും അതില്‍ വിജയം കാണുകയും ചെയ്തിരിക്കുകയാണ് വിശ്വാസ് സൈനി.
      അടുത്തയിടെ, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി തിരികെ വീട്ടിലെത്തുന്നത് വരെ, ഏകദേശം നാല് മാസത്തില്‍ കൂടുതല്‍ സമയമാണ് ഇയാള്‍ കോവിഡിന് എതിരെ സകല ശക്തിയും സംഭരിച്ച് പൊരുതിയത്. 130 ദിവസം നീണ്ട ചെറുത്തു നില്‍പ്പ് സമരത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇയാള്‍ സുരക്ഷിതനായി തിരികെ വീട്ടില്‍ എത്തിയത്.

      കഴിഞ്ഞ ഏപ്രില്‍ 28നാണ് വിശ്വാസിന് കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആ സമയത്ത് മഹാമാരിയുടെ രണ്ടാം തരംഗം ശക്തമായി നില നില്‍ക്കുകയായിരുന്നു. ആദ്യ സമയങ്ങളില്‍ അയാള്‍ വീട്ടില്‍ തന്നെയാണ് ക്വാറന്റൈനില്‍ താമസിച്ചത്. എന്നാല്‍ മുന്നോട്ട് പോകുന്തോറും വിശ്വാസിന്റെ ആരോഗ്യ സ്ഥിതി മോശമായി വന്നു. തുടര്‍ന്ന് വിശ്വാസിന്റെ വീട്ടുകാര്‍ അയാളെ മീററ്റിലുള്ള ന്യൂട്ടമാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
      “വിശ്വാസിന്റെ ഓക്‌സിജന്‍ അളവ് 16 യൂണിറ്റ് വരെ കുറഞ്ഞ സാഹചര്യത്തില്‍, ഒരു മാസത്തോളം കാലം ഞങ്ങള്‍ ഇയാളെ വെന്റിലേറ്ററില്‍ തന്നെയാണ് ചികിത്സിച്ചത്. ജീവിക്കണം എന്ന ഇയാളുടെ ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണ് വൈറസിനെതിരെ പോരാടാന്‍ ഇയാള്‍ക്ക് കഴിഞ്ഞത്,” വിശ്വാസിനെ ചികിത്സിച്ച ഡോക്ടർ എംസി സൈനി എഎന്‍ഐയോട് പറഞ്ഞു.

      കോവിഡിനെതിരെ പോരാടിയ 130 ദിവസങ്ങളും തന്റെ കുടുംബത്തെ വീണ്ടും കാണമെന്ന ആഗ്രഹമാണ് വിശ്വാസിനെ ജീവനോടെയിരിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ആശുപത്രി വാസത്തിന്റെ അത്രയും കാലം വീട്ടുകാര്‍ ഇയാളില്‍ നിന്നും അകന്നു നില്‍ക്കാൻ നിർബന്ധിതരായിരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ സമയവും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസ് കഴിഞ്ഞിരുന്നത്. അങ്ങനെ മാസ്‌ക് ധരിച്ചതിനാല്‍ വിശ്വാസ് ഇപ്പോൾ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ പോരാട്ടത്തിന്റെ അടയാളങ്ങള്‍ പോലെ മുഖത്തെ പാടുകളെ കാണുന്നു.

      “വൈറസിനോടുള്ള പോരാട്ടത്തില്‍ പലരും എന്റെ കണ്‍മുന്നില്‍ തന്നെ മരിച്ചു വീഴുന്നത് എന്നെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്റെ ഡോക്ടര്‍മാര്‍ എനിക്ക് നിരന്തരം ധൈര്യം പകര്‍ന്നു തന്നു കൊണ്ടേ ഇരുന്നു, ഒപ്പം എന്റെ ശ്രദ്ധ വൈറസില്‍ നിന്നും മോചിതനാകുന്നതില്‍ കേന്ദ്രീകരിക്കാനും നിര്‍ദ്ദേശിച്ചു കൊണ്ടേയിരുന്നു. ഇത്രയും കാലങ്ങള്‍ക്ക് ശേഷം വീണ്ടും കുടുംബത്തെ കാണുമ്പോള്‍ വളരെയധികം ആശ്വാസവും സന്തോഷവും തോന്നുന്നു,” എന്നാണ് വിശ്വാസ് പറയുന്നത്.

      വിശ്വാസിന്റെ തകര്‍ന്നു കൊണ്ടിരുന്ന ആരോഗ്യ സ്ഥിതി കണ്ടപ്പോള്‍ ഒരു സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കു പോലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരുന്നു. എന്തായാലും എല്ലാ ദുരവസ്ഥകള്‍ക്കും എതിരെ ശക്തമായി പടപൊരുതി വിശ്വാസ് അവിശ്വസനീയമായ രീതിയില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മരണത്തിന്റെ ഗന്ധം നിറഞ്ഞ ആശുപത്രി വാര്‍ഡില്‍ നിന്ന് ജീവന്റെ പുതുമണം ഏറ്റുവാങ്ങിയ വിശ്വാസ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തന്റെ കുട്ടികള്‍ക്ക് ഒപ്പം ഒത്തു ചേര്‍ന്നിരിക്കുകയാണ്.

      ശരീരത്തില്‍ നിന്നും വൈറസിന്റെ സാന്നിധ്യം പൂര്‍ണ്ണമായും അകന്നുവെങ്കിലും, വിശ്വാസിന് തന്റെ ആരോഗ്യം ഇനിയും വീണ്ടെടുക്കാനുണ്ട്. ഡോക്ടര്‍മാർ പറയുന്നത്, വിശ്വാസിന് ഇപ്പോഴും ദിവസത്തില്‍ കുറച്ച് മണിക്കൂറുകള്‍ കൃത്രിമ ഓക്‌സിജന്‍ സഹായം ആവശ്യമാണ് എന്നാണ്. അതിനൊപ്പം കരള്‍ സുഖം പ്രാപിക്കുന്നതിനായുള്ള മരുന്നുകളും കഴിക്കേണ്ടതുണ്ട്.
      ഞങ്ങള്‍ വിശ്വാസിന് എല്ലാ ആയുരാരോഗ്യങ്ങളും ഭാഗ്യവും നേരുന്നു, ഒപ്പം ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നു. പോരാളികളെ, നിങ്ങള്‍ വളരെ ഗംഭീരമായി തന്നെ പോരാടിയിരിക്കുന്നു!
      Published by:Naveen
      First published:
      )}