HOME » NEWS » Corona » MANEKA GANDHI SAID SHE HAD ALERTED ABOUT BLACK FUNGUS 3 YEARS AGO MM

ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മൂന്ന് വർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതായി മനേകാ ഗാന്ധി

കോവിഡ് 19 നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ കൂടുതൽ സങ്കീർണമാക്കിയ രോഗമാണ് ബ്ലാക്ക് ഫംഗസ്

News18 Malayalam | news18-malayalam
Updated: June 12, 2021, 5:26 PM IST
ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മൂന്ന് വർഷം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതായി മനേകാ ഗാന്ധി
മനേകാ ഗാന്ധി
  • Share this:
മൂന്ന് വർഷം മുമ്പ് ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. കോവിഡ് 19 നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ കൂടുതൽ സങ്കീർണമാക്കിയ രോഗമാണ് ബ്ലാക്ക് ഫംഗസ്. ഇതിനിടയിലാണ് ഇത്തരത്തിലൊരു അവകാശവാദമവുമായി മനേക ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ലോക്‌സഭാ മണ്ഡലമായ സുൽത്താൻപൂരിലെ നാല് ദിവസത്തെ പര്യടനത്തിലാണ് മനേക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്. കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന്റെ സാധ്യത മുൻകൂട്ടി കണ്ട് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു മനേക ഗാന്ധി.

ആശുപത്രി സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മനേക ഗാന്ധി, സുൽത്താൻപൂരിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ഇത് അപകടകരമായ അണുബാധയാണെന്നും മനേക ഗാന്ധി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മൂന്ന് വർഷം മുമ്പ് താൻ എഴുതിയിരുന്നതായും ഇത് ഇന്ത്യയിലും ഉടൻ വരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും സുൽത്താൻപൂർ എം.പി. ആയ മനേകാ ഗാന്ധി കൂട്ടിച്ചേർത്തു.

അണുബാധ പടർന്ന മുറി കത്തിക്കണം എന്ന അസാധാരണമായ ഒരു നിർദ്ദേശവും മനേക ഗാന്ധി നൽകി. വാക്സിനേഷൻ മന്ദഗതിയിലായതിന് ബി.ജെ.പി. നേതാവ് ന്യൂനപക്ഷ സമുദായത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പൾസ് പോളിയോ പരിപാടിയിൽ ഗ്രാമങ്ങളിലെ ന്യൂനപക്ഷ സമൂഹം കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ വിസമ്മതിച്ചതാണ് എം.പി. ചൂണ്ടിക്കാണിച്ചത്.



പോളിയോ വാക്സിനേഷൻ പരിപാടി നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്നതായിരുന്നു. പക്ഷേ ഇവരുടെ വിമുഖത കാരണം പോളിയോ വാക്സിനേഷൻ അനാവശ്യമായി നീണ്ടുപോകുകയാണെന്നും മനേക ഗാന്ധി പറഞ്ഞു. കോവിഡ് വാക്സിനേഷനിലും ഇതേ അവസ്ഥയാണ് കാണുന്നതെന്ന് മനേക ഗാന്ധി കുറ്റപ്പെടുത്തി.

കൊറോണ വൈറസിന് വർഗ്ഗമോ ജാതിയോ ഇല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും വാക്സിൻ കുത്തിവെപ്പ് എടുക്കാൻ വൈകുന്ന ആരെയും വൈറസ് ബാധിക്കുമെന്നും മനേക ഗാന്ധി പറഞ്ഞു. അതേസമയം, കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിന് മുന്നോടിയായി മനേക ഗാന്ധി, തന്റെ നിയോജക മണ്ഡലത്തിലെ സ്ഥിതിഗതികൾ പരിശോധിച്ചു. ജില്ലാ മജിസ്‌ട്രേറ്റും (ഡിഎം), ചീഫ് മെഡിക്കൽ ഓഫീസറും (സിഎംഒ), ജില്ലാ ആശുപത്രിയിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി എം.പി. ചർച്ച നടത്തി.

ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റും കുട്ടികളുടെ വാർഡും മനേക ഗാന്ധി പരിശോധിക്കാൻ മറന്നില്ല. പകർച്ചവ്യാധി സമയത്ത് ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന എല്ലാം ഡോക്ടർമാർക്കെതിരെയും നടപടിയെടുക്കാൻ മനേക ഗാന്ധി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് 19 ന്റെ മൂന്നാം തരംഗത്തെ നേരിടാൻ ജില്ലാ ഭരണകൂടം പൂർണ്ണമായും തയ്യാറാണെന്നും സുൽത്താൻപൂർ എംപി ആയ മനേക ഗാന്ധി പറഞ്ഞു.

മുതിർന്ന ബിജെപി നേതാവും, മുൻ കേന്ദ്രമന്ത്രിയും, മൃഗാവകാശ പ്രവർത്തകയും, പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമായ മനേക ഗാന്ധി ഇപ്പോൾ സുൽത്താൻപൂർ എം.പി. ആണ്.

Keywords: Maneka Gandhi, Corona, Black Fungus, മനേക ഗാന്ധി, ബ്ലാക്ക് ഫംഗസ്, കൊറോണ
Published by: user_57
First published: June 12, 2021, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories