നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ചുകൊടുത്ത് ഒരു ആസ്ത്മ രോഗി; കെട്ട കാലത്തും പ്രതീക്ഷയുടെ ചില തുരുത്ത്

  കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ചുകൊടുത്ത് ഒരു ആസ്ത്മ രോഗി; കെട്ട കാലത്തും പ്രതീക്ഷയുടെ ചില തുരുത്ത്

  ആസ്ത്മ രോഗിയായ മൻസൂർ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഓക്സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സങ്കല്പിക്കാനാകാത്ത തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ഭീഷണി ഉയർത്തിക്കൊണ്ടാണ് കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ തുടരുന്നത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനവ് മൂലം ആരോഗ്യ സംവിധാനങ്ങൾ പോലും തകരാറിലായതോടെ രാജ്യം അതികഠിനമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ, പ്ലാസ്മാദാതാക്കൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയുടെ ക്ഷാമം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. രാജ്യത്ത് നിരവധി ജനങ്ങളാണ് ഓക്സിജൻ ലഭിക്കാനായി കഷ്ടപ്പെടുന്നത്.

   മെഡിക്കൽ ഓക്സിജന്റെ ലഭ്യതക്കുറവ് വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിച്ചു നിർത്തൽ കൂടുതൽ ശ്രമകരമാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയ്ക്കിടയിലും നല്ല ചില മനുഷ്യർ ആവശ്യക്കാർക്ക് സഹായമെത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്. സ്വന്തം ആരോഗ്യത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ട് പലരും മഹാമാരിയിൽ ജനങ്ങൾക്ക് സാന്ത്വനമേകാൻ മുന്നോട്ട് വരുന്നു.

   കശ്മീരിലെ ബഡ്ഗാം ജില്ലയിൽ നിന്നുള്ള മൻസൂർ അഹമ്മദ് അത്തരമൊരു വലിയ മനസിന്റെ ഉടമയാണ്. ആസ്ത്മ രോഗിയായ മൻസൂർ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഓക്സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ, ഈ രോഗാവസ്ഥ ആവശ്യക്കാരായ കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു കൊടുക്കുന്നതിന് മൻസൂറിന് പ്രതിബന്ധമായി നിൽക്കുന്നതേയില്ല.

   തന്റെ ചെറിയ ട്രക്കിൽ തന്നെയാണ് മൻസൂർ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകുന്നത്. മതിയായ ഓക്സിജൻ ലഭിക്കാതിരുന്നാലുള്ള അവസ്ഥ എന്താണെന്നും സിലിണ്ടർ ആവശ്യമുള്ള രോഗികളുടെ മാനസികാവസ്ഥ എന്താണെന്നുമൊക്കെ തനിക്ക് നന്നായി അറിയാമെന്ന് മൻസൂർ പറയുന്നു.   "ആർക്കെങ്കിലും ഓക്സിജൻ എത്തിച്ചു കൊടുക്കാനും അതിലൂടെ അയാളുടെ ജീവൻ രക്ഷിക്കാനോ അയാൾക്ക് അൽപ്പം ആശ്വാസം നൽകാനോ കഴിഞ്ഞാൽ അത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഞാൻ ഒരു ആസ്ത്മരോഗിയാണ്. ഓക്സിജൻ പൂരിതനില താഴോട്ട്പോകുമ്പോൾ രോഗികൾക്ക് ഈ ഓക്സിജൻ ലഭ്യമാക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് എനിക്ക് നന്നായി അറിയാം," ഡി എൻ എയോട് സംസാരിക്കവെ മൻസൂർ പറഞ്ഞു.

   തന്റെ ആരോഗ്യസ്ഥിതി കാരണം കോവിഡ് ബാധയേൽക്കാൻ സാധ്യത കൂടിയ ജനവിഭാഗങ്ങളിൽപ്പെടുന്ന ആളാണ് മൻസൂർ എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോഴേ അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ മൂല്യവും ആഴവും നമുക്ക് ബോധ്യപ്പെടൂ. രോഗികളുടെ വീടുകളിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനോടൊപ്പം അടുത്തുള്ള ഒരു കേന്ദ്രത്തിൽ നിന്ന് അദ്ദേഹം സിലിണ്ടറുകൾ നിറയ്ക്കുകയും ചെയ്യാറുണ്ട്.

   കുടുംബം തന്നെ ആശ്രയിച്ച് കഴിയുന്നത് കൊണ്ട് ഈ മഹാമാരിയുടെ കാലഘട്ടത്തിലും വീട്ടിലിരിക്കാൻ നിർവ്വാഹമില്ലെന്ന് മൻസൂർ പറയുന്നു. ജോലി ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തന്റെ മരുന്നുകൾക്ക് മാത്രം പ്രതിമാസം 7,000 രൂപയോളം ചെലവുണ്ടെന്നും മൻസൂർ പറഞ്ഞു. മഹാമാരി ഒരു ജനതയുടെ സ്വൈര്യജീവിതത്തെ കാർന്നു തിന്നുന്ന ഈ കാലഘട്ടത്തിൽ മൻസൂറിനെപ്പോലെ നന്മയുള്ള മനുഷ്യർ മാനവരാശിയ്ക്ക് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

   Keywords: Covid 19, Oxygen Crisis, Mansoor Ahmad, Kashmir, Oxygen Cylinder, കോവിഡ് 19, ഓക്സിജൻ ക്ഷാമം, മൻസൂർ അഹമ്മദ്, കശ്മീർ, ഓക്സിജൻ സിലിണ്ടർ
   Published by:user_57
   First published:
   )}