മിസോറാമിൽ മെയ് 10 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

പുറത്തു നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പത്ത് ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമാണ്

Representative image (PTI Photo)

Representative image (PTI Photo)

 • Share this:
  രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മിസോറാമിൽ മെയ് പത്ത് മുതൽ ഒരാഴ്ച്ചത്തേക്ക് സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് പത്തിന് രാവിലെ 4 മുതൽ മെയ് 17 ന് രാവിലെ 4 വരെയാണ് ലോക്ക്ഡൗൺ.

  ഇതുസംബന്ധിച്ച ഉത്തരവ് മിസോറാം ചീഫ് സെക്രട്ടറി ലാൽ‌നുൻ‌മാവിയ ചുവാങ്കോ പുറത്തിറക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഉത്തരവിൽ ചീഫ് സെക്രട്ടറി പറയുന്നു.

  അതേസമയം, സംസ്ഥാനത്തെ അതിർത്തി അടക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപിച്ച എൻട്രി പോയിന്റുകളിലൂടെ മാത്രമേ പുറത്തു നിന്നുള്ളവർക്കും സംസ്ഥാനത്തേക്ക് തിരിച്ചു വരുന്നവർക്കും പ്രവേശനമുണ്ടായിരിക്കുകയൂള്ളൂ. കൂടാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൈവശമുണ്ടാകണം. പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഇവർക്ക് ബാധകമാണ്.

  ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്ക്, പിക്നിക് സ്പോട്സ്, തിയേറ്ററുകൾ, ജിംനേഷ്യം, കമ്യൂണിറ്റി ഹാൾ, റസ്റ്റോറന്റുകൾ, ഷോപ്പിങ് കോംപ്ലക്സ്, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല.

  ആരോഗ്യം, കുടുംബക്ഷേമം, വീട്, ദുരന്തനിവാരണ, പുനരധിവാസം, ധനകാര്യം, വിവരങ്ങൾ, പബ്ലിക് റിലേഷൻസ്, സിവിൽ ഏവിയേഷൻ, ജില്ലാ ഭരണകൂടം, കേന്ദ്ര സർക്കാരിനു കീഴിലുള്ള ഓഫീസുകൾ എന്നിവ ഒഴികെയുള്ള എല്ലാ സർക്കാർ ഓഫീസുകളും പൂട്ടിയിരിക്കും.

  എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും രാത്രി 7 നും പുലർച്ചെ 4 നും ഇടയിൽ അതത് ജില്ലാ ആസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തും.

  കഴിഞ്ഞ ദിവസം 235 പുതിയ കോവിഡ് കേസുകളാണ് മിസോറാമിൽ റിപ്പോർട്ട് ചെയ്തത്. 1,906 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

  You may also like:LOCKDOWN| തമിഴ്നാട്ടിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ

  കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10 മുതൽ 24 വരെ രണ്ടാഴ്ച്ചയാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

  You may also like:സ്ഥാപനത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ; ജ്യോതിഷി അറസ്റ്റിൽ

  കേരളത്തിലും ഇന്ന് മുതൽ ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നുമുതൽ മെയ് 16 വരെയാണ് ലോക്ക്ഡൗൺ. ഇന്നുമുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പൊലീസ് പാസം വേണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.

  ജില്ല വിട്ടുള്ള യാത്ര വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകൽ എന്നിവയ്ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതിയുള്ളൂ. അതേസമയം വിവാഹം, മരണമാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് അനുമതിയില്ല. ഇവർ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതേണ്ടതാണ്.
  Published by:Naseeba TC
  First published:
  )}