ന്യൂഡൽഹി: ആർ.എസ്.പി നേതാവും കൊല്ലം ലോക്സഭാംഗവുമായ എൻ.കെ പ്രേമചന്ദ്രൻ എം.പിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
വർഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളിൽ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. സെപ്റ്റംബർ 16ന് ലോക്സഭാ ചെയറിൽ ഇരിക്കാനും പ്രേമചന്ദ്രന് അവസരം ലഭിച്ചിരുന്നു. പാർലമെന്ററി ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്നായിരുന്നു ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പ്രേമചന്ദ്രൻ പറഞ്ഞത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രേമചന്ദ്രനുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വരെ 30 പാർലമെന്റ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിൻ ഗട്കരി ഉൾപ്പടെയുള്ളവർ ചികിത്സയിലാണ്. കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.