തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി.
കേരളത്തിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ''സമ്പൂർണ്ണ ലോക്ക്ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്'', എന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ആയിരം കടന്ന് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ.
ഇതിന് മുമ്പ് മാർച്ച് 23ന് കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. നിലവിൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇപ്പോൾ ആളുകൾക്ക് അതിർത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോർട്ടലിൽ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കർശനപരിശോധനകൾക്ക് ശേഷം മാത്രമേ അതിർത്തി കടത്തി വിടൂ എന്നും സർക്കാർ അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.