നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം; ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍

  Covid 19 | കോവിഡ് വ്യാപനം; ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍

  തീവണ്ടി സര്‍വീസുകളില്‍ കുറവില്ലെന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ അനുഭവപ്പെടുന്ന തിരക്ക് സര്‍വീസുകള്‍ കുറച്ചതുകൊണ്ടല്ലെന്നും ഈ സമയത്ത് തിരക്ക് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണെങ്കിലും തീവണ്ടി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ. വ്യാപനം തടയുന്നതിനായി രാജ്യത്ത് വിവിധ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

   രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ നിന്നുപോലും തീവണ്ടി സര്‍വീസുകള്‍ കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീവണ്ടി സര്‍വീസുകളില്‍ കുറവില്ലെന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ അനുഭവപ്പെടുന്ന തിരക്ക് സര്‍വീസുകള്‍ കുറച്ചതുകൊണ്ടല്ലെന്നും ഈ സമയത്ത് തിരക്ക് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   യാത്രക്കാര്‍ക്ക് തീവണ്ടി സര്‍വീസുകളുടെ അപര്യാപ്തത ഇല്ലെന്നും ആവശ്യമെന്ന് തോന്നിയാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും ശര്‍മ പറഞ്ഞു. നിലവില്‍ 1402 പ്രത്യേക റെയില്‍ സര്‍വീസുകള്‍ പ്രതിദിനം നടത്തുന്നുണ്ടെന്നും 5,381 സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും 830 പാസഞ്ചര്‍ സര്‍വീസുകളും നടത്തുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

   2020 മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് റെയില്‍വേ എല്ലാ ട്രെയിന്‍ സര്‍വീസുകളും രാജ്യവ്യാപകമായി നിര്‍ത്തിവച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതോടെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായാണ് റെയില്‍വേ രംഗത്തെത്തിയത്.

   അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,31,968 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 780 ആയി.

   നിലവില്‍ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1,30,60,542 ആണ്. ഇതുവരെ 1,19,13,292 പേര്‍ രോഗമുക്തരായി. 9,79,608 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 1,67,642 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാന്‍ യുദ്ധസമാന നടപടികള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 9,43,34,262 പേരാണ്.

   കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങല്‍ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബംഗളൂരു, മംഗളൂരു, കല്‍ബുര്‍ഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദര്‍ എന്നീ ഏഴ് പ്രധാന നഗരങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പാലിലും ഏപ്രില്‍ 10 മുതല്‍ 20 വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ തിങ്കളാഴ്ച്ച മുതല്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 മണിവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}