ഇന്റർഫേസ് /വാർത്ത /Corona / വാക്‌സിനെടുക്കുന്നവർക്ക് വമ്പൻ സമ്മാനം; അഞ്ച് ഭാഗ്യശാലികൾക്ക് ഒരു മില്ല്യൺ ഡോളർ വീതം പ്രഖ്യാപിച്ച് അമേരിക്ക

വാക്‌സിനെടുക്കുന്നവർക്ക് വമ്പൻ സമ്മാനം; അഞ്ച് ഭാഗ്യശാലികൾക്ക് ഒരു മില്ല്യൺ ഡോളർ വീതം പ്രഖ്യാപിച്ച് അമേരിക്ക

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വാക്‌സിൻ സ്വീകരിച്ചവരെ നറുക്കെടുപ്പിന്റെ ഭാ​ഗമാക്കും. കൂടുതൽ പേരെ വാക്‌സിനേഷന്റെ ഭാഗമാക്കുകയാണ് ഈ സമ്മാന പദ്ധതിയുടെ ലക്‌ഷ്യം

  • Share this:

കോവിഡ് വാക്സിൻ സ്വീകരച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാ​ഗ്യശാലികൾക്ക് ഒരു മില്ല്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിലെ ഒഹിയോയിലാണ് വാക്സിൻ സ്വീകരിച്ചവർക്ക് ഒരു മില്യൺ ഡോളറിന്റെ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവർണർ മൈക്ക് ഡിവൈൻ ആണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിൽ കോവിഡ് വാക്സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്ക സമ്മാന പദ്ധതികളുമായി രം​ഗത്തെത്തിയിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവരെ നറുക്കെടുപ്പിന്റെ ഭാ​ഗമാക്കും. കൂടുതൽ പേരെ വാക്‌സിനേഷന്റെ ഭാഗമാക്കുകയാണ് ഈ സമ്മാന പദ്ധതിയുടെ ലക്‌ഷ്യം. ഒഹിയോ ഗവർണർ മൈക്ക് ഡിവൈൻ ആണ് വാക്‌സിൻ സ്വീകരിച്ച അമേരിക്കൻ വോട്ട‍ർമാ‍ർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) ഭാഗ്യക്കുറി ഏർപ്പെടുത്തിയിരിക്കുന്നത്.

മെയ് 26 മുതൽ പ്രത്യേക നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ച പ്രായപൂർത്തിയായവരുടെ പേരുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുക. അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പിനുള്ള പേരുകൾ ശേഖരിക്കുന്നത്. എന്നാൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരായവർ ഉണ്ടെങ്കിൽ അവരുടെ പേരുകൾ ഉൾപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒഹിയോ ലോട്ടറി ആണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. എന്നാൽ ഭാഗ്യശാലികൾക്കുള്ള സമ്മാനത്തുക ഏർപ്പെടുത്തിയിരിക്കുന്നത് ഒഹിയോ ആരോഗ്യ വകുപ്പാണ്. ഒരു മില്യൺ ഡോളർ സമ്മാനം എന്ന ആശയം മണ്ടത്തരമാണെന്നും പണം അനാവശ്യമായി നഷ്ടപ്പെടുത്തുകയാണെന്നും ആളുകൾക്ക് തോന്നിയേക്കാം. എന്നാൽ കോവിഡ് വാക്‌സിൻ സുലഭമായ സാഹചര്യത്തിലും കുത്തിവയ്പ്പെടുക്കാതെ കോവിഡിന് ഇരയായി മരണപ്പെടുന്നതാണ് അതിനേക്കാൾ വലിയ നഷ്ടമെന്ന് മൈക്ക് ഡിവൈൻ പറഞ്ഞു.

എന്നാൽ ആളുകൾക്കിടയിൽ വാക്സിനേഷന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. വാക്‌സിനേഷൻ കാമ്പയിനും ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചെലവഴിക്കുന്ന പണവും കണക്കാക്കിയാൽ അഞ്ച് മില്യൺ ഡോളറിലും കൂടുതലാവും. ഇത് വച്ച് നോക്കുമ്പോൾ ഈ പുതിയ ആശയം ബുദ്ധിപരമാണെന്ന് ട്വിറ്ററിൽ ഒരാൾ അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളുടെ പണം ഇങ്ങനെ ലോട്ടറിക്കായി ചിലവഴിക്കുന്നതിലും നല്ലത് ആവശ്യമായ പരസ്യങ്ങളിലൂടെ ആളുകളിൽ അവബോധം ഉണ്ടാക്കുകയും, ജനങ്ങൾക്ക് അവരുടെ ഇഷ്ടാനുസരണം വാക്‌സിൻ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് ഈ ആശയത്തെ ആക്ഷേപിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 35 ശതമാനത്തിലധികം വാക്‌സിൻ 2 ഡോസുകളും സ്വീകരിച്ച കഴിഞ്ഞു. ഒഹായോവിൽ രണ്ടു ഡോസുകളും സ്വീകരിച്ചത് 36 ശതമാനത്തിലേറെ ആളുകളാണ്. എന്നാൽ ഇന്ത്യയിൽ ഇത് 3 ശതമാനത്തിലും താഴെയാണ്. ഇത് ആഗോള നിരക്കായ 4.2 ശതമാനത്തിലും താഴെയാണ്.

നേരെത്തെ മിയാമിയിലെയും ഫ്ളോറിഡയിലെയും ബീച്ചുകളിൽ താൽക്കാലിക ബൂത്തുകൾ സജ്ജീകരിച്ച് അമേരിക്ക വാക്‌സിനേഷൻ ഊ‌ർജിതമാക്കിയിരുന്നു. ഇവിടങ്ങളിൽ നിന്നും നിരവധി വിദേശ ടൂറിസ്റ്റുകളടക്കം സൗജന്യമായി വാക്‌സിൻ സ്വീകരിച്ചതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. നിലവിൽ ഏറ്റവും വേഗത്തിൽ വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏതാനും മാസങ്ങളോട് കൂടി വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികളാണ് എല്ലാ സ്റ്റേറ്റുകളും സ്വീകരിക്കുന്നത്. ലോട്ടറി പ്രഖ്യാപനം ഇതിനുദാഹരണമാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഉൾപ്പെടെ വാക്‌സിൻ നൽകിക്കൊണ്ടുള്ള വിശാലമായ വാക്‌സിൻ നടപടിയാണ് അമേരിക്ക നടപ്പിലാക്കുന്നത്.

Keywords: Covid 19, Vaccination, Million Dollar Lottery, Ohio, United States, കോവിഡ് 19 , വാക്‌സിനേഷൻ, അമേരിക്ക, ഇന്ത്യ

First published:

Tags: Covid 19 Vaccination, Covid Vaccination, Covid vaccine, Vaccination