നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡ് ബാധിച്ച കുട്ടികളിൽ ഏഴ് പേരിൽ ഒരാൾക്ക് വീതം മൂന്ന് മാസത്തിന് ശേഷവും ആരോഗ്യ പ്രശ്നങ്ങൾ; നിർണായക പഠന റിപ്പോര്‍ട്ട്

    കോവിഡ് ബാധിച്ച കുട്ടികളിൽ ഏഴ് പേരിൽ ഒരാൾക്ക് വീതം മൂന്ന് മാസത്തിന് ശേഷവും ആരോഗ്യ പ്രശ്നങ്ങൾ; നിർണായക പഠന റിപ്പോര്‍ട്ട്

    യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഗവേഷകർ എന്നിവരുടെ നേതൃത്വത്തിൽ 11 മുതൽ 17 വയസ്സ് വരെയുള്ളവരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോവിഡ് പോസിറ്റീവായ ഏഴ് കുട്ടികളിൽ ഒരാൾക്ക് വീതം മൂന്ന് മാസങ്ങൾക്ക് ശേഷവും രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. എന്നാൽ ചെറുപ്പക്കാരിൽ ദീർഘകാല കോവിഡ് (ലോങ്ങ് കോവിഡ്) ലക്ഷണങ്ങൾ ആദ്യം ഭയപ്പെട്ടതിനേക്കാൾ കുറവാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

      യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഗവേഷകർ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പിസിആർ ടെസ്റ്റിന് വിധേയരായ ഏകദേശം 7,000 പേരിലാണ് പഠനം നടത്തിയത്. 11 മുതൽ 17 വയസ്സ് വരെയുള്ളവരാണ് ഈ ഗവേഷണത്തിൽ പങ്കെടുത്തത്. ഇതിൽ 3,065 പേർ കോവിഡ് പോസിറ്റീവും 3,739 ടെസ്റ്റുകൾ നെഗറ്റീവുമായിരുന്നു.

      ടെസ്റ്റ് കഴിഞ്ഞ് ശരാശരി 15 ആഴ്‌ച പിന്നിട്ട ശേഷം സർവേ ചെയ്തപ്പോഴും ഇരു ഗ്രൂപ്പിലെയും നിരവധി കുട്ടികൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു ലക്ഷണമെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നു. പോസിറ്റീവായ ഗ്രൂപ്പിലെ ഏകദേശം 30% പേർക്ക് ആ സമയത്ത് കുറഞ്ഞത് മൂന്നോ അതിലധികമോ ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

      രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നത് പോസിറ്റീവ് ഗ്രൂപ്പിലെ ഏഴ് കുട്ടികളിൽ ഒരാളുടെ ലക്ഷണങ്ങൾ കോവിഡുമായി ബന്ധപ്പെട്ടതാണെന്നാണ്. ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ അസാധാരണമായ ക്ഷീണവും തലവേദനയുമാണ്.

      "പോസിറ്റീവ് ടെസ്റ്റ് നടത്തിയവർക്ക് 15 ആഴ്ചകൾക്ക് ശേഷം മൂന്നോ അതിലധികമോ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഇരട്ടിയാണ്" പഠനത്തിന്റെ പ്രധാന രചയിതാവ് സർ ടെറൻസ് സ്റ്റീഫൻസൺ പറഞ്ഞു. യു‌സി‌എൽ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ പ്രൊഫസറും ആരോഗ്യ ഗവേഷണ അതോറിറ്റിയുടെ അദ്ധ്യക്ഷനുമാണ് ഇദ്ദേഹം.

      ഇംഗ്ലണ്ടിൽ സെപ്റ്റംബറിനും മാർച്ചിനും ഇടയിൽ കോവിഡ് പോസിറ്റീവായ 11-17 വയസ് പ്രായമുള്ള 4,000 മുതൽ 32,000 വരെ ചെറുപ്പക്കാർക്ക് 15 ആഴ്ചകൾക്കുശേഷവും കോവിഡ് -19 അണുബാധയുമായി ബന്ധപ്പെട്ട മൂന്നോ അതിലധികമോ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

      ആശ്വാസകരമെന്നു പറയട്ടെ, പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആയ കുട്ടികൾക്കിടയിൽ മാനസികാരോഗ്യത്തിൽ വ്യത്യാസങ്ങളൊന്നും ഗവേഷകർ കണ്ടെത്തിയില്ല. എന്നിരുന്നാലും, പങ്കെടുക്കുന്ന 10ൽ നാലുപേർ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് അറിയാൻ ആശങ്കാകുലരാണെന്നും ദു:ഖിതരാണെന്നും അസന്തുഷ്ടരാണെന്നും കണ്ടെത്തി. ഇത് മഹാമാരിയെക്കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയെയാണ് പ്രതിഫലിപ്പിക്കുന്നത്.

      വിശകലനം 2021 മാർച്ച് വരെ നടത്തിയ പരിശോധനകളെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ഈ കണ്ടെത്തലുകൾ ഡെൽറ്റ വേരിയന്റിൽ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല. ഡെൽറ്റ വേരിയന്റ് മെയ് മുതലാണ് ആധിപത്യം പുലർത്താൻ തുടങ്ങിയത്. ഡെൽറ്റ കൂടുതൽ വ്യാപനശേഷി ഉള്ളതും മുൻ വേരിയന്റുകളേക്കാൾ കൂടുതൽ ഗുരുതരമായി രോഗം പകർത്താൻ കഴിവുള്ളതുമാണ്. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത വാക്സിൻ എടുക്കാത്ത വിഭാഗത്തിൽ.

      യുകെയിലെ 12 വയസ്സിനു മുകളിലുള്ള കുട്ടികൾ ആരോഗ്യപരമായി വളരെ ദുർബലരോ അല്ലെങ്കിൽ അപകടസാധ്യതയുള്ള ഒരാളോടൊപ്പമോ ജീവിക്കുകയാണെങ്കിൽ മാത്രമേ വാക്സിനേഷൻ എടുക്കാവൂ എന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (JCVI) ശുപാർശ ചെയ്യുന്നു.

      പഠനത്തിന്റെ മറ്റൊരു രചയിതാവും ലണ്ടൻ ഇംപീരിയൽ കോളേജിലെ പീഡിയാട്രിക് സാംക്രമിക രോഗ വിഭാഗത്തിലെ മുതിർന്ന ക്ലിനിക്കൽ ലക്ചററുമായ ഡോ. ലിസ് വിറ്റേക്കർ പറയുന്നത് അനുസരിച്ച്: "നമ്മൾ കണ്ട ചെറുപ്പക്കാരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളുള്ളവരാണ്, പക്ഷേ സൗമ്യമായ രോഗലക്ഷണമുള്ളവരാണ്. ചെറുപ്പക്കാരിൽ ലോങ്ങ് കോവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും” അദ്ദേഹം പറഞ്ഞു.
      Published by:Naveen
      First published:
      )}