ഇന്റർഫേസ് /വാർത്ത /Corona / 'വാക്സിൻ ഏകോപനത്തിന് കമ്മിറ്റി വേണം'; ആരോഗ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷനേതാവ്

'വാക്സിൻ ഏകോപനത്തിന് കമ്മിറ്റി വേണം'; ആരോഗ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷനേതാവ്

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വാക്സിന്‍ സംഭരണ- വിതരണ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓണ്‍ലൈന്‍ രജിസ്ട്രഷനും ആക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കണം

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണം ഏകോപിപ്പിക്കാൻ കമ്മിറ്റി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ കാര്യങ്ങള്‍ പഠിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്മറ്റിക്ക് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനാവും. വാക്സിന്‍ സംഭരണ- വിതരണ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓണ്‍ലൈന്‍ രജിസ്ട്രഷനും ആക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കണം. സര്‍ക്കാര്‍ തന്നെ വാക്സിന്‍ സംഭരിച്ച്‌ ഇടത്തരം സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച്‌ വിതരണ സംവിധാനം വികേന്ദ്രീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി,

സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചതു കൊണ്ടാണ് ഈ കത്തെഴുതുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തിര നടപടികള്‍ക്കും പരിഹാരത്തിനുമായി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

1. സംസ്ഥാനത്ത് കോ വാക്സിന്‍ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ആദ്യ ഡോസ് എടുത്ത പലര്‍ക്കും രണ്ടാം ഡോസിന് സമയമായിട്ടും അത് നല്‍കാനാവുന്നില്ല. മിക്ക ജില്ലകളിലും കോ വാക്സിന്‍ സ്റ്റോക്കില്ല.

2.എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുണ്ടെങ്കിലും പലര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ബുക്കിംഗ് തീരുന്ന അവസ്ഥയാണ്.

3.സ്വന്തം പഞ്ചായത്തില്‍ തന്നെ വാക്സിന്‍ ലഭിക്കുന്നത് വളരെ കുറച്ച്‌ ആളുകള്‍ക്ക് മാത്രമാണ്. വാക്സിനേഷനു വേണ്ടി വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.

4. രണ്ടാം ഡോസ് വേണ്ട വര്‍ക്കും കൃത്യമായ ഇടവേളകളില്‍ ബുക്കിംഗ് നടക്കുന്നില്ല.

5.കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പലരാജ്യങ്ങളിലും സ്വീകരിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്ന വിവരങ്ങള്‍ അപൂര്‍ണമായതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.

6.വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നത് വിവിധ സമയങ്ങളില്‍ ആണ്. ഇത് ആളുകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു നിശ്ചിത സമയത്ത് മുന്‍കൂട്ടി അറിയിച്ച ശേഷംനടത്തുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സഹായിക്കും.

Also Read- Covid Vaccine | സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

മേല്‍ വിവരിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി കൊവിഡ് 19 വാക്സിനേഷന്‍ കാര്യങ്ങള്‍ ഏകോപിപിക്കുന്നതിനു വേണ്ടി സംസ്ഥാന തലത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കാവുന്നതാണ്. കമ്മറ്റിക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ കാര്യങ്ങള്‍ പഠിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാവുന്നതാണ്. വാക്സിന്‍ സംഭരണം, വിതരണം, മാനദണ്ഡങ്ങള്‍ എന്നിവ കുറെക്കൂടി സുതാര്യമാക്കാവുന്നതാണ്. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓണ്‍ലൈന്‍ രജിസ്ട്രഷനും ആക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കേണ്ടതാണ്.

സര്‍ക്കാര്‍ തന്നെ വാക്സിന്‍ സംഭരിച്ച്‌ ഇടത്തരം സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച്‌ വിതരണ സംവിധാനം വികേന്ദ്രീകരിക്കേണ്ടതാണ്.

കാര്യങ്ങള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വാക്സിനേഷന്‍ കൂടുതല്‍ ചിട്ടയായ രൂപത്തില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

First published:

Tags: Covid 19 kerala, Covid vaccine, V D Satheesan, Veena george