HOME » NEWS » Corona » OXYGEN CRISIS IN DELHI RESOLVED CHIEF MINISTER ARVIND KEJRIWAL AT A HIGH LEVEL MEETING

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിച്ചു; ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി സംസ്ഥാനത്തെ എല്ലാവര്‍ക്കും മൂന്നു മാസത്തിനകം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: May 7, 2021, 10:44 PM IST
ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിച്ചു; ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍
  • Share this:
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്‌സിജന്റെ ലഭ്യത സംബന്ധിച്ച സ്ഥിതിഗതികള്‍ നിയന്ത്രണ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍,  ജില്ലാ മജിസ്‌ട്രേറ്റുമാരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ആവശ്യകത കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിമീറ്റര്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 700 മെട്രിക് ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മെയ് അഞ്ചിന് 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം 557 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.

Also Read- Lockdown | കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

അതേസമയം കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി സംസ്ഥാനത്തെ എല്ലാവര്‍ക്കും മൂന്നു മാസത്തിനകം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനായി മാധ്യമസ്ഥാപനങ്ങളില്‍ വാകിസിനേഷന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.92 ശതമാനമാണ്. 91,000ത്തിലേറെ പേര്‍ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുണ്ട്.

Also Read-Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഓക്സിജന്‍ ക്ഷാമം തുടരുന്ന ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യണമെന്ന കേന്ദ്രത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഓക്സിജന്‍ വിതരണത്തില്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശം നല്‍കി.

ഏപ്രില്‍ 30ലെ ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്നും ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ഉറപ്പുവരുത്തണമെന്നും മെയ് അഞ്ചിന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ മെയ് ആറിന് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ടെന്നും 700 മെട്രിക് ടണ്‍ ഓക്സിജന് പകരം 730 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ഉറപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം ഡല്‍ഹിക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.

36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Published by: Jayesh Krishnan
First published: May 7, 2021, 10:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories