ചൈനയുടെ വാക്സിൻ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാക് പ്രധാനമന്ത്രിക്ക് കോവിഡ്

ചൈനയുടെ കോവിഡ് വാക്സിൻ ആയ സിനോഫോം ആണ് ഇമ്രാൻ ഖാന് എടുത്തത്. മാർച്ച് 17 ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നൽകിയിരുന്നു

News18 Malayalam

News18 Malayalam

 • Share this:
  ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മാർച്ച് 17 ന് കൊറോണ വൈറസിനെതിരെ ഇമ്രാൻ ഖാൻ വാക്സിനേഷൻ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത്. ചൈനയുടെ കോവിഡ് വാക്സിൻ ആയ സിനോഫോം ആണ് ഇമ്രാൻ ഖാന് എടുത്തത്. മാർച്ച് 17 ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇമ്രാൻ രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിൽ ആണ് അദ്ദേഹം.

  കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാൻ എല്ലാവരും വാക്സിൻ എടുക്കണമെന്ന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. നിലവിൽ, ചൈനീസ് വാക്സിൻ പാകിസ്ഥാനിൽ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്സിൻ പാകിസ്ഥാനായി നൽകിയിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ ബ്രിട്ടനിൽനിന്നുള്ള ആസ്ട്രസെനേക്ക വാക്സിനും പാകിസ്ഥാനിൽ ലഭ്യമാകും.

  മാർച്ച് 10 മുതൽ പാകിസ്ഥാനിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. മറ്റ് രാജ്യങ്ങളിലെന്നപോലെ പ്രായമായവർക്കു മുൻഗണന നൽകിയാണ് അവിടെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. ഇതുവരെ 615,610 പേർക്ക് പാകിസ്ഥാനിൽ കോവിഡ് ബാധിച്ചിട്ടുണ്ട്.

  അതിനിടെ ഇന്ത്യയിൽ ആശങ്ക ഉയർത്തി വീണ്ടും കോവിഡ് കേസുകൾ വര്‍ധിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊരു ഘട്ടത്തിൽ കോവിഡ് നിയന്ത്രണ വിധേയമായിരുന്നുവെങ്കിലും രോഗബാധ കുറഞ്ഞ് നിന്ന സംസ്ഥാനങ്ങള്‍ പോലും ഇപ്പോൾ പ്രതിദിന കണക്കിൽ മുന്നില്‍ നിൽക്കുന്നതാണ് ആശങ്കയാകുന്നത്.

  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 40,953 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗമുക്തി നേടിയ 23,653 ഉൾപ്പെടെ ആകെ 1,11,07,332 പേരാണ് കോവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവിൽ 2,88,394 പേരാണ് കോവിഡ് സ്ഥിരീകരിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.

  Also Read-മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിർത്തിയ മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി; വീഡിയോ വൈറൽ

  188 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,59,558 കോവിഡ് മരണങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോവി‍ഡ് പരിശോധനകളും വിട്ടുവീഴ്ചകളില്ലാതെ സംസ്ഥാനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. ഒറ്റദിവസത്തിൽ പത്ത് ലക്ഷത്തിലധികം സാമ്പിളുകൾ വരെയാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 23,24,31,517 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

  നിലവിൽ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളാണ് പ്രതിദിനം ആയിരത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പഞ്ചാബ്, കേരളം, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
  Published by:Anuraj GR
  First published:
  )}