മലപ്പുറം: വ്യാജ
കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ലാബ് പൊലീസ് അടച്ചുപൂട്ടി. മലപ്പുറം വളാഞ്ചേരിയിലെ അർമ ലബോറട്ടറി പൊലീസ് സീൽ ചെയ്യുകയും ഉടമസ്ഥനെതിരെ കേസ് എടുക്കുകയും ചെയ്തു. കോവിഡ് പോസിറ്റീവായ വ്യക്തിക്ക് നെഗറ്റീവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്ന പരാതിയിലാണ് നടപടി.
ലാബ് ഉടമ സുനിൽ സാദത്ത് ക്വാറന്റീനിലായത് കൊണ്ട് ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം പതിനാലാം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് അർമ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളിൽ നിന്ന് സ്രവം സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോറട്ടറിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്.
മൈക്രോ ഹെൽത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികൾക്ക് റിസൾട്ട് നൽകുന്നത്. ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ഇവർ ഫ്രാഞ്ചൈസികളായ ലാബോറട്ടറികൾക്ക് റിസൾട്ട് നൽകൂ. കോവിഡ് പോസിറ്റീവായാൽ നേരിട്ട് ആരോഗ്യവകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് കൈമാറും.
എന്നാൽ, അർമ ലബോറട്ടറി ഉടമ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
You may also like:സ്വർണക്കടത്ത് കേസ്: മന്ത്രി കെ ടി ജലീലിനെ NIA ചോദ്യം ചെയ്യും [NEWS]സ്വന്തം മാനസികനിലയെ കുറിച്ചാണ് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടത്; കെ സുരേന്ദ്രനെ പിന്തുണച്ച് എംടി രമേശ് [NEWS] മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും [NEWS]തുടർന്ന്, ഇയാൾ കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിക്കെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതി പിന്നീട് മൈക്രോ ഹെൽത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് അർമ ലാബ് അടച്ചുപൂട്ടി സീൽ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉടമയ്ക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.