ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികളില്‍ കോവിഡ് ബാധിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് വാക്സിന് നയത്തില്‍ കേന്ദ്രം മറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം വാക്സിന് പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താതിനാല്‍ വാക്സിന് സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന് വിതരണം ചെയ്യേണ്ട എന്ന തീരുമാനം കേന്ദ്രം ആദ്യം എടുത്തത്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാന്‍ സാധിക്കുമെന്നും കുത്തിവെപ്പെടുക്കണമെന്നും കേന്ദ്രം അറിയിച്ചു.
ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ വാക്സിന് അവര്‍ക്ക് പ്രയോജനപ്പെടുമെന്നും നിര്‍ബന്ധമായും വാക്സിന് സ്വീകരിക്കണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
Also Read-സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന് ഗര്‍ഭിണികളെ വാക്സിന് വിതരണത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള പ്രായമുള്ള 525 കുട്ടികളില്‍ ഭാരത് ബോയടെക് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഫലം വരുമെന്നാണ് കരുതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചിരുന്നു.
അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന് ഏഴു യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ അംഗീകാരം നല്കി. സ്വിറ്റ്സര്‍ലന്‍ഡും ഐസ്ലന്ഡും വാക്സിന് അംഗാകരികച്ചു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്റ്റേണിയ. അയര്‍ലന്‍ഡ്, സ്പെയിന് എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.
അതേസമയം യൂറോപ്യന്‍ യൂണിയന് ഇന്ത്യന്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയത്.
Also Read-Covid 19 | കോവിഡ് വ്യാപനം; കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
അതേസമയം കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിഹരിക്കാനും സംവിധാനമുണ്ടാക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിനുള്ള മാര്‍ഗരേഖയുണ്ടാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സില്‍ക്കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.