നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം, ആരോഗ്യ മന്ത്രാലയം അനുമതി നൽകി

  ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം, ആരോഗ്യ മന്ത്രാലയം അനുമതി നൽകി

  ദേശീയ കോവിഡ് വാക്സിനേഷൻ പദ്ധതിയ്ക്ക് കീഴിൽ ഇനി ഗർഭിണികളെയും ഉൾപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ അനുമതി നൽകിയത്. നിലവിലുള്ള ദേശീയ കോവിഡ് വാക്സിനേഷൻ പദ്ധതിയ്ക്ക് കീഴിൽ ഇനി ഗർഭിണികളെയും ഉൾപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

   നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ‌ടി‌എജിഐ) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി തൊഴിലാളികൾ, പ്രൊഫഷണലുകൾ, ദുർബല വിഭാഗക്കാർ എന്നിവർക്കാണ് നിലവിൽ വാക്സിനേഷൻ പദ്ധതി മുൻഗണന നൽകുന്നത്. ഇന്നുവരെ, ഗർഭിണികളൊഴികെ മറ്റെല്ലാ വിഭാഗക്കാരും കോവിഡ് വാക്സിനേഷന് അർഹരായിരുന്നു. എന്നാൽ ഇപ്പോൾ ഗർഭിണികളെയും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമാക്കി.

   ഗർഭിണിയായിരിക്കെ കോവിഡ് ബാധിക്കുന്നത് ഗർഭിണികളുടെ ആരോഗ്യസ്ഥിതി വഷളാകാൻ കാരണമാകുമെന്നും അവർക്ക് രോ​ഗ തീവ്രത കൂടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗർഭസ്ഥശിശുവിനെയും ബാധിച്ചേക്കാമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭിണികളല്ലാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് ബാധിക്കുന്ന ഗർഭിണികൾക്ക് രോഗ തീവ്രത കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, രോ​ഗം ബാധിക്കുന്ന ഗർഭിണികൾ മാസം തികയാതെ പ്രസവിക്കുന്നതിനും നവജാത ശിശുവിന് കോവിഡ് ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗർഭിണിയുടെ പ്രായം, ശരീര ഭാരം എന്നിവയൊക്കെ രോഗ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

   Also Read- ഗര്‍ഭിണികള്‍ക്ക് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്‌തോ കുത്തിവെപ്പെടുക്കാം

   എന്നാൽ ഇപ്പോൾ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌എജിഐ) ആണ് ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്തിരിക്കുന്നത്. കോവിഡിനായുള്ള വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സംഘവും ഇത് ഏകകണ്ഠമായി ശുപാർശ ചെയ്തു. ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള എൻ‌ടി‌എജിഐ ശുപാർശയെ കൺസൾട്ടേഷൻ ഏകകണ്ഠമായി സ്വാഗതം ചെയ്തു. ആരോ​ഗ്യ പ്രവ‍ർത്തക‍ർ, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ, സി‌എസ്‌ഒകൾ, എൻ‌ജി‌ഒകൾ, വികസന പങ്കാളി ഏജൻസികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കൺസൾട്ടേഷൻ.

   ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഈ ശുപാർശകൾ അംഗീകരിക്കുകയും ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങളും കൈമാറ്റം ചെയ്തു. ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭകാലത്ത് ഏത് സമയത്തും അടുത്തുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ കോവിഡ് -19 വാക്സിനേഷൻ സെന്ററിൽ നിന്ന് വാക്സിൻ സ്വീകരിക്കാം. കോവിൻ പോ‍ർട്ടലിൽ രജിസ്റ്റ‍ർ ചെയ്തതിന് ശേഷം അല്ലെങ്കിൽ വാക്ക്-ഇൻ രജിസ്ട്രേഷൻ വഴി മാത്രമേ രാജ്യത്ത് ലഭ്യമായ കോവിഡ് വാക്സിനുകൾ സ്വീകരിക്കാനാകൂ. വാക്സിനേഷന് ശേഷം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതും കോവിഡ് ‌വാക്സിനേഷന്റെ മറ്റ് നടപടിക്രമങ്ങളും ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ വാക്സിൻ സ്വീകരിക്കുന്ന മറ്റ് എല്ലാ വിഭാ​ഗക്കാരുടേതിനും സമാനമാണ്.
   Published by:Rajesh V
   First published:
   )}