തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കള്‍ക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്നതിന്‍റെ പരമാവധി വില നിശ്ചയിച്ച് ഉത്തരവായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്; 93 മരണം
പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 3.90 പൈസ, ഫേസ് ഷീല്‍ഡിന് 21 രൂപ, ഡിസ്പോസിബിള്‍ ഏപ്രണിന് 12 രൂപ, സര്‍ജിക്കല്‍ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്‍ക്ക് 5.75 പൈസ, ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില്‍ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്‍ആര്‍ബി മാസ്കിന് 80 രൂപ, ഓക്സിജന്‍ മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് 1500 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ച വിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജന്‍ കാര്യത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാണുന്നത്. പുറത്തു നിന്നുള്ള ഓക്സിജന്‍റെ വരവ് അടുത്ത ദിവസങ്ങളില്‍ കുടും. കേന്ദ്രം അനുവദിച്ച ഓക്സിജന്‍ എക്സ്പ്രസ് വഴി 150 മെട്റിക് ടണ്ണും മറ്റ് മൂന്ന് സ്ഥലങ്ങളില്‍ നിന്ന് വേറെയും ലഭ്യമാവുന്നതോടെ പ്രശ്നം വരില്ല. കപ്പൽ മാർഗം ഇറക്കുന്നുമുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read- ലോക്ക് ഡൗൺ 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ലോക്ഡൗണ്‍ കാലം വീട്ടില്‍ തനിച്ചിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകാം. അതിനായി പുസ്തകങ്ങള്‍ കൊറിയര്‍ വഴി നല്‍കാവുന്നതാണ്. വൃദ്ധ സദനം, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അംബുലന്‍സ് ഡ്രൈവര്‍മാരിൽ വാക്സിൻ എടുക്കാത്തവർക്കും അടിയന്തരമായി വാക്സിനേഷന്‍ ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റി വെക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ജില്ലാ ഭരണസംവിധാനം പരിശോധിക്കണം. റബ്ബര്‍ സംഭരണത്തിനുള്ള കടകള്‍ ആഴ്ചയില്‍ രണ്ടുദിവസം (തിങ്കള്‍, വെള്ളി) തുറക്കാന്‍ അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,31,375 പരിശോധനകള്‍ നടത്തി. മരണസംഖ്യ 93. ഇപ്പോള്‍ 4,42,194 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31,319 പേര്‍ രോഗമുക്തരായി.
കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mask, Pinarayi vijayan, PPE Kit