ന്യൂഡൽഹി: കൊറോണ വൈറസ് അസുരനാണെന്നും, അതിനെ കൊല്ലാൻ ദൈവികശക്തികൾക്കു മാത്രമെ കഴിയുകയുള്ളുവെന്നും പുരോഹിതരുടെ സംഘടന. അമ്പലങ്ങൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തെ സഹായിക്കാൻ അമ്പലങ്ങളും തീർഥാടന കേന്ദ്രങ്ങളും ഉടൻ തുറക്കണമെന്ന് അഖില ഭാരതീയ തീർഥ പുരോഹിത് മഹാസഭ എന്ന സംഘടന പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അമ്പലങ്ങളും തീർഥാടനകേന്ദ്രങ്ങളും തുറക്കുന്നതോടെ കൊറോണ വൈറസിന്‍റെ ശക്തി കുറയും, അതിന് ഒരു അപകടവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും കത്തിൽ പറയുന്നു. ക്ഷേത്രങ്ങളെ ഫാക്ടറികളെപ്പോലെയാണ് ലോക്ക്ഡൌൺ കാലത്ത് കൈകാര്യം ചെയ്തതെന്നും, ദേവൻമാരുടെ കോപമായിരിക്കാം ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്നതെന്നും സംഘടന ദേശീയ പ്രസിഡന്‍റ് മഹേഷ് പതക് മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രങ്ങൾ അടച്ചതോടെ ദേവൻമാരും വിശ്വാസികളും തമ്മിലുള്ള അകലം വർധിച്ചു. വീടുകളിൽവെച്ച് നടത്തുന്ന പ്രാർഥനകളിലൂടെ അകലം ഇല്ലാതാക്കാനാകില്ലെന്നും മഹേഷ് പതക് പറയുന്നു. ഒരുമിച്ചുള്ള പ്രാർഥനകളുടെ ഫലമായി ദൈവത്തിന് ഭക്തരെ രക്ഷപെടുത്താൻ കഴിയുമെന്ന കാര്യം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.