കൊച്ചി: ലോക്ക്ഡൗ ണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തുന്നു. വെള്ളിയാഴ്ച രാവിലെ 7.30നുള്ള വിമാനത്തിൽ സംഘം കൊച്ചിയിലെത്തും. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായാണ് സംവിധായകൻ ബ്ലെസി അടക്കമുള്ള 58 അംഗ സംഘം ജോർദാനിലേക്ക് പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരിക്കും ഇവരെ കൊച്ചിയിലെത്തിക്കുക.
ജോർദാനിൽ നിന്ന് ഡൽഹിയിലെത്തുന്ന സംഘം അവിടെനിന്ന് രാവിലെ കൊച്ചിയിലേക്ക് പറക്കും. നാട്ടിലെത്തിയാലും സിനിമസംഘം ക്വറന്റീനിൽ കഴിയേണ്ടിവരും. ഇതിനായി കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോർദാനിൽ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടർന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടർന്ന് ഏപ്രിൽ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
മെയ് 17ന് ചിത്രത്തിന്റെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയായതായി പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്.
ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഷൂട്ടിംഗ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.