HOME /NEWS /Corona / 'നമ്മുടെ ജീവന്റെ വിലയുടെ ലാഭം 1,11,100 കോടി, കേന്ദ്രം എന്താണ് ചെയ്യുന്നത്'; വാക്സിൻ കണക്ക് നിരത്തി രാഹുല്‍ മാങ്കൂട്ടത്തിൽ

'നമ്മുടെ ജീവന്റെ വിലയുടെ ലാഭം 1,11,100 കോടി, കേന്ദ്രം എന്താണ് ചെയ്യുന്നത്'; വാക്സിൻ കണക്ക് നിരത്തി രാഹുല്‍ മാങ്കൂട്ടത്തിൽ

rahul mamkootathil

rahul mamkootathil

വോട്ട് ചെയ്തു അധികാരത്തിലെത്തിച്ച ജനത തെരുവില്‍ കിടന്ന് മരിക്കുമ്പോള്‍ എത്രയും വേഗം അവരെ രക്ഷിക്കുന്നതിലാണോ അതോ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില മുതലാളിമാര്‍ക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടാനുള്ള അവസരമൊരുക്കുന്നതിലാണോ കാര്യമെന്നും രാഹുല്‍ ചോദിക്കുന്നു.

കൂടുതൽ വായിക്കുക ...
  • Share this:

    കോവിഡ് അതിരൂക്ഷമായ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വഴി രണ്ട് സ്വകാര്യ കമ്പനികള്‍ കൊള്ളയടിക്കാന്‍ പോകുന്നത് 1,11,100 കോടി രൂപയാണെന്ന് രാഹുല്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ സ്വകാര്യ കമ്പനികള്‍ പരമാവധി ലാഭമുണ്ടാക്കും എന്ന വാദം വേണമെങ്കില്‍ അംഗീകരിക്കാം, പക്ഷേ കേന്ദ്രസര്‍ക്കാര്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിക്കുന്നു.

    വോട്ട് ചെയ്തു അധികാരത്തിലെത്തിച്ച ജനത തെരുവില്‍ കിടന്ന് മരിക്കുമ്പോള്‍ എത്രയും വേഗം അവരെ രക്ഷിക്കുന്നതിലാണോ അതോ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില മുതലാളിമാര്‍ക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടാനുള്ള അവസരമൊരുക്കുന്നതിലാണോ കാര്യമെന്നും രാഹുല്‍ ചോദിക്കുന്നു.

    രാഹുലിന്റെ കുറിപ്പിന്റെ പൂർണരൂപം

    നമ്മുടെ ജീവന്റെ വിലയുടെ ലാഭം 1,11,100 കോടി രൂപ!

    ശവപ്പെട്ടി പണിയുന്ന തൊഴിലെടുത്ത് ജീവിക്കുന്നവരെ കുറിച്ചല്ല, അത്തരക്കാരിലെ ചില ദുഷ്ട മനസുകളെ പറ്റിയാണ്.

    ദുരന്ത കാലത്ത് ശവപ്പെട്ടി കച്ചവടം നടത്തുന്ന ചിലരുണ്ട്. എത്രയും മരണസംഖ്യ കൂടിയാല്‍ അത്രയും കച്ചവടം നടത്താം എന്ന് വിചാരിക്കുന്ന പ്രത്യേകതരം മനസ്ഥിതിയുള്ളവര്‍. അധികാരസ്ഥാനങ്ങളില്‍ അത്തരക്കാര്‍ വന്നാല്‍ എന്ത് സംഭവിക്കും എന്നുള്ളതിന്റെ നേര്‍സാക്ഷ്യങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില കണക്കുകള്‍ പരിശോധിക്കാം – നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 74.35% പേര്‍ 45 വയസില്‍ താഴെയുള്ളവരാണ്. അതായത് 101 കോടി ജനങ്ങള്‍.

    Also Read- Covid 19| സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ നിയന്ത്രണം തുടരും

    കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വാക്‌സിന്‍ നയപ്രകാരം 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരെ വാക്‌സിനേറ്റ് ചെയ്യാന്‍ കേന്ദ്രം മുന്‍കൈയ്യെടുക്കില്ല. അതായത് ഈ വിഭാഗക്കാരെ വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള ബാധ്യത അതത് സംസ്ഥാനങ്ങളോ അതത് വ്യക്തികള്‍ തന്നെയോ ഏറ്റെടുക്കണം. 101 കോടി പേര്‍ക്ക് രണ്ട് ഡോസ് വീതം 202 കോടി ഡോസ് വാക്‌സിന്‍ ആണ് വേണ്ടി വരുന്നത്. പുതിയ നയപ്രകാരം ഇതിന്റെ ചെലവ് വഹിക്കേണ്ടത് സംസ്ഥാനങ്ങളോ അതാത് വ്യക്തികളോ തന്നെയാണ്.

    നിലവില്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് അംഗീകാരമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമത പരിഗണിച്ചാല്‍ മൊത്തം ഡിമാന്‍ഡിന്റെ 50% കോവിഷീല്‍ഡും 50% കൊവാക്‌സിനും നിറവേറ്റാനാണ് സാധ്യത. അതായത് 101

    കോടി ഡോസ് വീതം കോവിഷീല്‍ഡും കോവാക്‌സിനും വേണ്ടി വരും.

    കോവിഷീല്‍ഡ് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനമാണ്. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ എന്നതാണ് ഈ സ്ഥാപനം അവരുടെ വാക്‌സിന് ഇട്ടിരിക്കുന്ന വില. നിലവില്‍ ഈ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് വില്‍ക്കുന്നത് ഡോസ് ഒന്നിന് 150 രൂപയ്ക്കാണ്. നിര്‍മാണ ചെലവ് കഴിച്ച് ലാഭമുള്‍പ്പെടെയാണിത്. 101 കോടി കോവിഷീല്‍ഡിന്റെ 50% സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുക്കുമെന്നും 50% സ്വകാര്യ ആശുപത്രികള്‍ വഴി നേരിട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നുമാണ് ഇപ്പോള്‍ അറിയുന്നത്. നിലവില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന 150 രൂപയെക്കാള്‍ കുത്തനെ വില വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നതു വഴി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേടുന്ന അധികലാഭം 35,350 കോടി രൂപയാണ്.

    ഇനി, കോവാക്‌സിന്‍ നിര്‍മിക്കുന്നത് ഭാരത് ബയോടെക് എന്ന സ്വകാര്യ സ്ഥാപനമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ കഷ്ടമാണ് ഇവരുടെ കാര്യം. സംസ്ഥാനങ്ങള്‍ക്ക് ഡോസ് ഒന്നിന് 600, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 എന്നതാണ് ഇവരുടെ വാക്‌സിന് ഈ സ്ഥാപനം ഇട്ടിരിക്കുന്ന വില. വാക്‌സിനിന്റെ വീതം വെപ്പ് മുകളില്‍ പറഞ്ഞ അതേ അനുപാതത്തില്‍ തന്നെയാണ്. സിറം ഇന്‍സ്റ്റ്യൂട്ടിനേക്കാള്‍ കഴുത്തറപ്പന്‍ വിലവര്‍ധന വഴി ഇവര്‍ ഉണ്ടാക്കുന്ന അധികലാഭം 75,750 കോടി രൂപയാണ്.

    അതായത് ഇന്ത്യക്കാര്‍ സ്ഥാപിച്ച ഇന്ത്യക്കാര്‍ നടത്തുന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു സ്വകാര്യസ്ഥാപനങ്ങളും കൂടി അവരുടെ സ്വന്തം രാജ്യത്തെ ജനങ്ങള്‍ ജീവഭയത്തില്‍ ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ നടന്നു കൊണ്ടിരിക്കുമ്പോള്‍ അവരുടെ ഭയാശങ്കയെ ചൂഷണം ചെയ്യുന്നത് വഴി അവരില്‍ നിന്നും കൊള്ളയടിക്കുന്ന ആകെ തുക 1,11,100 കോടി രൂപ. ഇവരെ എന്താണ് വിളിക്കേണ്ടത് സുഹൃത്തുക്കളെ ? എഴുത്തിന്റെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ഇങ്ങനെയാണോ ഒരു ഇന്ത്യന്‍ സ്ഥാപനം ഇന്ത്യക്കാരോട് ചെയ്യേണ്ടത് ? നിങ്ങള്‍ക്കറിയാമോ ഇതേ സിറം ഇന്‍സ്റ്റ്യൂട്ടിന്റെ ഇതേ കോവിഷീല്‍ഡ് വാക്‌സിന്‍ 14,232 കിലോമീറ്റര്‍ കരയിലൂടെയും കടലിലൂടെയും സഞ്ചരിച്ച് ബ്രസീലില്‍ എത്തുമ്പോള്‍ ആ രാജ്യത്തോട് വാങ്ങുന്ന വില എത്രയാണെന്ന് ? ഡോസ് ഒന്നിന് 3.15 അമേരിക്കന്‍ ഡോളര്‍. അതായത് നമ്മുടെ നാട്ടിലെ 235 രൂപ അന്‍പത് പൈസ. എന്ത് മനസ്സാണിത് ? ഇത് പൈശാചികതയല്ലേ ? സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ കഴുത്തറപ്പന്‍ വിലയീടാക്കുന്ന ഭാരത് ബയോടെക്കിനെപ്പറ്റി ഒന്നും പറയാനില്ല.

    അതൊക്കെ അവിടെ നില്‍ക്കട്ടെ. സ്വകാര്യസ്ഥാപനങ്ങള്‍ ഏതു സാഹചര്യത്തിലും പരമാവധി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വാദത്തിനു വേണമെങ്കില്‍ അംഗീകരിക്കാം. ഇവിടെ കേന്ദ്രം ഭരിക്കുന്ന ഒരു സര്‍ക്കാരുണ്ടല്ലോ ? അവര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് ? ഈ അക്രമത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നതെങ്ങനെയാണ് ? ഇവരുടെ മുന്‍ഗണനകള്‍ എവിടെയാണ് കിടക്കുന്നത് ? തങ്ങളെ വോട്ടുചെയ്തു അധികാരത്തിലെത്തിച്ച ജനത തെരുവില്‍ കിടന്ന് മരിക്കുമ്പോള്‍ എത്രയും വേഗം അവരെ രക്ഷിക്കുന്നതിലാണോ അതോ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചില മുതലാളിമാര്‍ക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടാനുള്ള അവസരമൊരുക്കുന്നതിലാണോ ? ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുക. ഏതുവിധേനയും ഈ പ്രതിസന്ധിയെ ഇവിടുത്തെ ജനത തരണം ചെയ്യും. അതിനു ശേഷം നിങ്ങളീ കാണിച്ച വഞ്ചനയോട് അവര്‍ പ്രതികാരം ചെയ്യുമെന്നതില്‍ സംശയമില്ല.

    First published:

    Tags: Covid vaccine, Rahul mamkootathil