നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അടുത്ത കോവിഡ് വാക്‌സിന്‍ ജൂണില്‍; വാണിജ്യവിതരണത്തിന് അനുമതി തേടി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  അടുത്ത കോവിഡ് വാക്‌സിന്‍ ജൂണില്‍; വാണിജ്യവിതരണത്തിന് അനുമതി തേടി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  ഈ വര്‍ഷം അവസാനത്തിനു മുമ്പ് അഞ്ച് കോവിഡ് വാക്‌സിനുകള്‍ വിപണിയിലുണ്ടാവും

  covid 19 vaccine

  covid 19 vaccine

  • Share this:
  കൊച്ചി: രാജ്യത്ത് പുതിയ കോവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ വിതരണ സജ്ജമാകുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍ ന്യൂസ് 18 നോട് വ്യക്തമാക്കി. അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ മനുഷ്യനിലുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി കമ്പനി കേന്ദ്രത്തിന് അപേക്ഷ നല്‍കി. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ്ണ വിജയം കണ്ടു. ജൂണോടെ വാക്‌സിന്‍ വിതരണ സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്നും പി.സി. നമ്പ്യാര്‍ പറഞ്ഞു.

  നവജാത ശിശുക്കള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഈ വര്‍ഷം അവസാനത്തിനു മുമ്പ് അഞ്ച് കോവിഡ് വാക്‌സിനുകള്‍ വിപണിയിലുണ്ടാവും.

  ജനിതകമാറ്റം വന്ന വൈറസുകള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കോവിഡ് പോരാളികള്‍ക്കും സൗഹൃദരാഷ്ടങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നല്‍കുന്നത്. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചതായും പി. സി. നമ്പ്യാര്‍ പറഞ്ഞു.

  ഓക്‌സഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്റെ ഉല്‍പ്പാദനമാണ് നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്. 11 കോടിയിലധികം വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം വാങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തു വരികയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ എന്ന വിശേഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തത്.  ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിനും രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. റഷ്യന്‍ വാക്സിനായ സ്പുട്നിക്കും രാജ്യത്ത് ഉടന്‍ ഉല്‍പ്പാദനമാരംഭിച്ചേക്കും. റെഡ്ഡി ഫാര്‍മയാണ് സ്പുട്നിക് ഉല്‍പ്പാദിപ്പിക്കുക.

  മറ്റു ലോകരാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയത് ഇന്ത്യയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രം പത്തുകോടിയിലധികം ഡോസ് വാക്‌സിനുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അടുത്ത മാസം ഇത് ഇരട്ടിയാക്കാനാണ് പദ്ധതി.

  കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യഘട്ട വിതരണം. പോലീസുകാര്‍, റവന്യൂ ജീവനക്കാര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ പട്ടികയനുസരിച്ചാണ് വിതരണം പുരോഗമിക്കുന്നത്.

  നേരത്തെ യു.കെ.യില്‍ നടന്ന നടത്തിയ വാക്‌സിനേഷനില്‍ കോവിഡ് നേരിടാന്‍ 89.3 ശതമാനം ഫലപ്രദമാണ് നൊവാവാക്സ് എന്നു തെളിഞ്ഞതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.

  സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്

  കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

  യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
  Published by:user_57
  First published:
  )}