രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വാക്സിനേഷൻ ഡ്രൈവുമായി റിലയൻസ് ഇൻഡസ്ട്രീസ്. 880 നഗരങ്ങളിലായി 13 ലക്ഷത്തിലധികം ജീവനക്കാർക്കും അസോസിയേറ്റുകൾക്കും പങ്കാളികൾക്കും (ബിപി, ഗൂഗിൾ മുതലായവ) അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാനുള്ള വിപുലമായ പദ്ധതിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തയ്യാറാക്കിയിരിക്കുന്നത്. കമ്പനി വിതരണം ചെയ്യുന്ന വാക്സിൻ രാജ്യത്ത് പൂർണ്ണമായും സൗജന്യമാണ്.
ജീവനക്കാരുടെ ജീവിതപങ്കാളി, മാതാപിതാക്കൾ, മുത്തശ്ശി, മുത്തശ്ശൻ, യോഗ്യതയുള്ള കുട്ടികൾ, സഹോദരങ്ങൾ എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിന് വാക്സിനേഷൻ ലഭിക്കും. നിലവിലെ ജീവനക്കാർക്ക് മാത്രമല്ല, വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
വാക്സിൻ ലഭിക്കുന്നതിനായി യോഗ്യതയുള്ള എല്ലാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനുശേഷം അവർക്ക് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ റിലയൻസിന്റെ ഓൺലൈൻ ഹെൽത്ത് കെയർ പ്ലാറ്റ്ഫോം അല്ലെങ്കിൽ ജിയോ ഹെൽത്ത്ഹബ് സ്ലോട്ട് എന്നിവിടങ്ങളിൽ ബുക്ക് ചെയ്യാം.
ഗവൺമെന്റിന്റെ ജോലിസ്ഥലത്തെ വാക്സിനേഷൻ നയത്തിന്റെ ഭാഗമായ ഈ വാക്സിനേഷൻ പ്രോഗ്രാം ജാംനഗർ, വഡോദര, ഹസിറ, ദാഹെജ്, പടൽഗംഗ, നാഗോഥെയ്ൻ, കനികട, ഗാഡിമോഗ, സാഹോദോൾ, ബരാബങ്കി, ഹോസ്ഫിയാർപൂർ എന്നിവിടങ്ങളിലെ റിലയൻസിന്റെ തൊഴിൽ ആരോഗ്യ കേന്ദ്രങ്ങളിൽ (ഒഎച്ച്സി) വിതരണം ചെയ്യും.
അപ്പോളോ, മാക്സ്, മണിപ്പാൽ പോലുള്ള ആശുപത്രികളുമായും റിലയൻസ് വാക്സിനേഷനായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിനകം വാക്സിനേഷൻ ലഭിച്ച ചില ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ ചെലവുകൾ പൂർണമായും തിരികെ നൽകും. റിലയൻസിന്റെ 3.30 ലക്ഷത്തിലധികം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്സിന്റെ ആദ്യ ഷോട്ട് നൽകി കഴിഞ്ഞു.
എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ജൂൺ 15 നകം ആദ്യ ഷോട്ട് വാക്സിനേഷൻ നൽകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 13,000ത്തോളം റീട്ടെയിൽ, ജിയോ സ്റ്റോറുകളിലെ സ്റ്റോർ ലെവൽ സ്റ്റാഫ് ഉൾപ്പെടെയുള്ള റിലയൻസിന്റെയും റിലയൻസ് ഗ്രൂപ്പ് കമ്പനികളിലെയും ജീവനക്കാർക്ക് ഈ പദ്ധതി വഴി സൗജന്യമായി വാക്സിനേഷൻ ലഭ്യമാക്കും.
സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാർക്ക് വേണ്ടി വാക്സിൻ വാങ്ങാനുള്ള അനുമതി ലഭിച്ചതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും (കോവിഷീൽഡ്) ഭാരത് ബയോടെക്കിൽ (കോവാക്സിൻ) നിന്നും റിലയൻസ് വാക്സിൻ വാങ്ങി. ജീവനക്കാർക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി മുംബൈയിലും കമ്പനിയുടെ ചില നിർമ്മാണ സ്ഥലങ്ങളിലും നൽകി തുടങ്ങി. അടുത്ത ആഴ്ചയോടെ മറ്റ് പ്രധാന നഗരങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും വാക്സിനേഷൻ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി ആശുപത്രികളുമായും ക്ലിനിക്കുകളുമായും റിലയൻസ് പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്.
റിലയൻസിന്റെ വിപുലമായ പ്രതിരോധ കുത്തിവയ്പ്പ് സംവിധാനം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതരാക്കുക മാത്രമല്ല, പൊതുജനാരോഗ്യ സംവിധാനങ്ങളിലെ വാക്സിനേഷന്റെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കാനും സഹായിക്കും. ഇതുവഴി മഹാമാരിയെ തുടർന്നുള്ള വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഇന്ത്യയെ സഹായിക്കുക കൂടിയാണ് റിലയൻസ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.