തമിഴ് നടൻ പാണ്ഡു അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി തമിഴ്നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഇന്ന് പുലർച്ചയോടു കൂടി ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഐ.സി.യു.വിൽ തുടരുന്നതായാണ് വിവരം.
പ്രഭു, പഞ്ചു, പിന്റു എന്നിവർ മക്കളാണ്. നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രധാനമായും കോമഡി വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്. 2020 ൽ പുറത്തിറങ്ങിയ 'ഇന്ത നിലൈ മാറും' എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
സിനിമയ്ക്ക് പുറമെ ക്യാപിറ്റൽ ലെറ്റേഴ്സ് എന്ന പേരിൽ അദ്ദേഹം ഒരു സംരംഭം നടത്തിയിരുന്നു. അനവധി ചലച്ചിത്ര പ്രവർത്തകരുടെ വീടുകളിലും ഓഫിസുകളിലും മനോഹരമായ നെയിംബോർഡുകൾ തീർത്തത് പാണ്ഡുവാണ്. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പതാക ഡിസൈൻ ചെയ്തതും പാണ്ഡുവാണ്.