ന്യൂഡൽഹി:
കോവിഡ് -19 പ്രോട്ടോകോൾ ലംഘിച്ചെന്ന് ആരോപിച്ച് വടക്കു-കിഴക്കൻ മേഖലയിലെ ഏറ്റവും പഴയ ഇംഗ്ലീഷ് ദിനപത്രമായ ഷില്ലോംഗ് ടൈംസ് താൽക്കാലികമായി അടപ്പിച്ചു. 75 വർഷം പഴക്കമുള്ള പത്രം ഞായറാഴ്ച മുതൽ വിൽപനയ്ക്കെത്തില്ലെന്ന് വായനക്കാർക്ക് നൽകിയ കുറിപ്പിൽ പത്രം മാനേജ്മെന്റ് വ്യക്തമാക്കുന്നു.
75 വർഷത്തെ സേവനത്തിന് ശേഷം, ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ഞങ്ങൾക്കെതിരെ സർക്കാർ നടപടിയെടുത്തു. ഓഗസ്റ്റ് 23 മുതൽ പത്രം പ്രസിദ്ധീകരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.
സ്ഥാപനത്തിലെ ജേണലിസ്റ്റുകളല്ലാത്ത മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഷില്ലോംഗ് ടൈംസിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കണ്ടെയ്ൻമെന്റ് ഏരിയ ആയി പ്രഖ്യാപിച്ചതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പത്രത്തിന്റെ പ്രസിദ്ധീകരണം ഉടൻ പുനരാരംഭിക്കുമെന്നും ഷില്ലോഗ് ടൈംസ് വ്യക്തമാക്കുന്നു.
മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്ന് എഡിറ്റർ
ശനിയാഴ്ച രാത്രിയോടെയാണ് ഓഫീസ് പ്രദേശം ഒരു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചെന്ന് അറിഞ്ഞതെന്ന് ഷില്ലോംഗ് ടൈംസ് എഡിറ്റർ പട്രീഷ്യ മുഖിം പറഞ്ഞു. ജീവനക്കാരിലവ്‍ പലരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. ഈയാഴ്ചയോടെ പത്രം ഓൺലൈനിൽ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു.
സാനിറ്റൈസർ സ്ഥാപിക്കുക, കൈകഴുകുന്ന ഇടങ്ങൾ സ്ഥാപിക്കുക തുടങ്ങിയ എല്ലാ പ്രോട്ടോക്കോളുകളും സ്ഥാപനം പാലിച്ചിരുന്നെന്നും അവർ പറഞ്ഞു.
“ഒന്നോ രണ്ടോ പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പേരിൽ ഒരു പത്ര സ്ഥാപനത്തിന്റെ പ്രവർത്തനം എങ്ങനെ നിർത്താനാകുമെന്നും മുഖിം ചോദിച്ചു.
അതേസമയം ഷില്ലോഗ് ടൈംസ് കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.