ന്യൂഡൽഹി: കൊറൊണ എന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നതിലും മികച്ച ദേശസ്നേഹമില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് കോൺഗ്രസ് അധ്യക്ഷയുടെ വീഡിയോ സന്ദേശം എത്തുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നവരെ പ്രശംസിച്ചു കൊണ്ടായിരുന്നു സോണിയയുടെ സന്ദേശം. 'അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമായിട്ടു പോലും നമ്മുടെ കൊറോണ വൈറസ് പോരാളികൾ ഈ യുദ്ധത്തിൽ പോരാടുകയാണ്.. സുരക്ഷാ കിറ്റുകൾ വേണ്ടത്ര ലഭ്യമല്ലാതിരിന്നിട്ടു കൂടി നമ്മുടെ ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും രോഗികളെ പരിചരിക്കുന്നു.. ' സോണിയ ഗാന്ധി പറഞ്ഞു.
ലോക്ക് ഡൗൺ വിജയകരമായ മുന്നോട്ട് കൊണ്ടു പോകുന്നതിൽ പൊലീസുകാരുടെയും ജവാന്മാരുടെയും പങ്കിനെ പ്രശംസിച്ച സോണിയ, ശുചീകരണ തൊഴിലാളികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അടക്കമുള്ളവരുടെ സേവനങ്ങളെയും എടുത്ത് പറഞ്ഞ് ഇവരെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിക്കണമെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ജനങ്ങളെ ഓർമിപ്പിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച സോണിയ ഗാന്ധി, കൊറോണയ്ക്കെതിരായ പോരാട്ടം ദുർബലപ്പെടാതിരിക്കാൻ ഈ മുന്നണിപ്പോരാളികളെ പിന്തുണയ്ക്കുക എന്നതാണ് പ്രധാനമെന്നാണ് പറഞ്ഞത്.
'പല വിധത്തിൽ വ്യക്തിപരമായി പോലും ഓരോരുത്തരും കൊറോണയ്ക്കെതിരായി പോരാടുന്നുണ്ട്. എല്ലാവരും പ്രശംസ അർഹിക്കുന്നവർ തന്നെയാണ്. ഭരണപക്ഷത്തിരിക്കുന്ന സംസ്ഥാനമായാലും പ്രതിപക്ഷത്തായാലും ഈ യുദ്ധത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും നിങ്ങൾക്കൊപ്പമുണ്ട്. സോണിയാ ഗാന്ധി വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.