HOME » NEWS » Corona » STRICT ACTION IF RTPCR TESTING IS NOT DONE IN PRIVATE LABS SAYS ERNAKULAM DISTRICT COLLECTOR

സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താതിരുന്നാല്‍ കര്‍ശന നടപടി; എറണാകുളം ജില്ലാ കളക്ടര്‍

സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും

News18 Malayalam | news18-malayalam
Updated: May 1, 2021, 2:55 PM IST
സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താതിരുന്നാല്‍ കര്‍ശന നടപടി; എറണാകുളം ജില്ലാ കളക്ടര്‍
News18 Malayalam
  • Share this:
കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പരിശോധന നടത്താതിരിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്കുകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 1700 രൂപയില്‍ നിന്ന് 500 രൂപയയാണ് കുറച്ചത്.

'സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല'കളക്ടര്‍ പറഞ്ഞു.

Also Read- 'ഇതൊക്കെ കാലങ്ങളായി കണ്ടിട്ടുള്ളതാണ്, പരിഭ്രാന്തരാവേണ്ട'; യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല

അതേസമയം ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ചില സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വച്ചിരിക്കുകയാണെന്നും ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. അതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തേണ്ടതിന് പകരം, ആര്‍ ടി പി സി ആര്‍ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകള്‍. കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ സാധിക്കില്ലെന്ന നിലപാട് അനുവദിക്കാന്‍ കഴിയില്ല.

Also Read- Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടു

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുമ്പോഴാണ്, സാമൂഹ്യ പ്രതിബദ്ധതയില്ലാതെയുള്ള ചില സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഒത്തൊരുമയോടെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയത്ത് ചില സ്വകാര്യ ലബുകളുടെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ നീതീകരിക്കാന്‍ കഴിയില്ല.

ആര്‍ ടി പി സി ആര്‍ പരിശോധന മനഃപൂര്‍വം നിര്‍ത്തിവച്ചിരുന്ന ലാബുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിമാര്‍ പരാതി നല്‍കും. മഹാമാരിക്കാലത്ത് മനുഷ്യജീവനെ മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Published by: Jayesh Krishnan
First published: May 1, 2021, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories