നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണം; പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം

  Covid 19 | പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണം; പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധം

  സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  മലപ്പുറം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.

  വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തുകൂടാന്‍ അനുമതിയുള്ളൂ. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ്  എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.

  നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കടയില്‍ ഒരേസമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല. കടയിലും പരിസരത്തും സര്‍ക്കാര്‍ മാർഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

  സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികഅകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍  രേഖപ്പെടുത്തണം. സ്ഥാപനങ്ങളില്‍ പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തണം. ഈ മേഖലകളില്‍ ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടർഫിലെ കളികള്‍ എന്നിവ നിരോധിച്ചു.

  മത്സ്യ മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്‌സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.

  TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

  അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ  എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.

  ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയും അനുവദിക്കും.

  പുറത്തിറങ്ങാന്‍ റേഷന്‍ കാര്‍ഡ് നിർബന്ധം

  പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും  65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ.

  തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട  അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല.

  ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്.
  Published by:meera
  First published: