ചൂട് കാലാവസ്ഥയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുമെന്ന് മലയാളി ഗവേഷണവിദ്യാർഥിനിയുടെ കണ്ടെത്തൽ. ചൈനയിലെ അക്കാദമി ഓഫ് സയൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്‌ഫെറിക് ഫിസിക്സിൽ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീർത്തി ശശികുമാറിന്റേതാണ് കണ്ടെത്തൽ. കീർത്തിയുടെ പഠനം അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ-ജിയോ ഹെൽത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതാപനം തടഞ്ഞാൽ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും വിദ്യാർഥിനിയുടെ പഠനം പറയുന്നു.
മാർച്ച് 15 മുതൽ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഡിസംബർ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂർത്തിയാക്കിയ പഠനത്തിൽ ഇന്ത്യയിൽ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യം മുൻനിരയിലെത്തുമെന്നും പറഞ്ഞിരുന്നു.
ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാർബൺമൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയിൽ കാർബൺ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് മലാപ്പറമ്പ് മേഘമൽഹാറിൽ ശശികുമാറിന്റെയും ജീജയുടെയും മകളാണ്. സഹോദരൻ സിദ്ധാർഥ്. ചൈനയിൽ നാനോസയൻസ് ഗവേഷകനായ തൃശ്ശൂർ കുറ്റുമുക്ക് സ്വദേശി നിധിൻ ദിവാകറാണ് ഭർത്താവ്.
ചൈന സുഹായിലെ സൺയാറ്റ് സെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് അറ്റ്മോസ്‌ഫെറിക് സയൻസിൽ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനം. ഇദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus