ന്യൂഡല്‍ഹി: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഉടനടി കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. മാനസികരോഗ്യ ആശുപത്രികളിലും മറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച നിർദേശം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കി.
രാജ്യ വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആയിരകണക്കിന് ആളുകൾ ചികിത്സയിലുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം നിർദേശിച്ചത്. ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, എം. ആര്. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ പട്ടിക തയാറാക്കി മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സില്‍ ലഭ്യമാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ മാധവി ദവാന്‍ കോടതിയെ അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി സുപ്രീം കോടതി നേരത്തെ ഗൗരവ് കുമാര്‍ ബന്‍സാലിനെ അമിക്കസ് ക്യൂരിയായി നിയമിച്ചിരുന്നു. അമിക്കസ് ക്യൂരിയാണ് ഇവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന വിവരം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മാനസിക പ്രശ്നങ്ങള്‍ ഉള്ളവരെ അനാഥമന്ദിരങ്ങളിലേക്കും അഗതി മന്ദിരത്തിലേക്കും മാറ്റുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി.
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാക്‌സിനേഷന്‍ ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read- Covid 19 | ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദം? ഓരോ വാക്സിന്‍റെയും ഫലപ്രാപ്തി നിരക്ക് അറിയാം
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് മൂലം 723 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്‌സിന്‍ കുത്തിവെപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid vaccine, Novel coronavirus, കൊറോണവൈറസ്, കോവിഡ് 19