HOME » NEWS » Corona » SWAB SAMPLES CAN NOW BE COLLECTED FROM MOBILE SCREENS AR

Covid 19 | ഇനി മൊബൈൽ ഫോണിൽ നിന്ന് സാമ്പിൾ ശേഖരിച്ച് കോവിഡ് പരിശോധന നടത്താം

ഫോൺ സ്‌ക്രീൻ ടെസ്റ്റിങ് എന്നറിയപ്പെടുന്ന ഈ നൂതന രീതിയ്ക്ക് ആന്റിജൻ പരിശോധനകളുടെ അത്രയും കൃത്യത ഉണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം

News18 Malayalam | news18-malayalam
Updated: June 24, 2021, 8:02 PM IST
Covid 19 | ഇനി മൊബൈൽ ഫോണിൽ നിന്ന് സാമ്പിൾ ശേഖരിച്ച് കോവിഡ് പരിശോധന നടത്താം
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് 19 പരിശോധനയ്ക്കായി ചെലവ് കുറഞ്ഞതും കൃത്യത ഏറിയതുമായ പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ് ഈ സംവിധാനം. വ്യക്തികളിൽ നിന്ന് നേരിട്ട് എടുക്കുന്നതിന് പകരം മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ നിന്ന് സ്വാബ് ശേഖരിച്ചുകൊണ്ടുള്ള പരീക്ഷണം നടത്തിയത് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരുടെ സംഘമാണ്.

മൂക്കിൽ നിന്ന് ശേഖരിച്ച ദ്രവം ഉപയോഗിച്ച് പിസിആർ പരിശോധന നടത്തി കോവിഡ് ബാധ സ്ഥിരീകരിച്ച ആളുകളുടെ മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ നിന്ന് സ്വാബ് ശേഖരിച്ച് പരിശോധിച്ചപ്പോഴും അതേ ഫലം തന്നെയാണ് ലഭിച്ചത്. ഫോൺ സ്‌ക്രീൻ ടെസ്റ്റിങ് എന്നറിയപ്പെടുന്ന ഈ നൂതന രീതിയ്ക്ക് ആന്റിജൻ പരിശോധനകളുടെ അത്രയും കൃത്യത ഉണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. പരമ്പരാഗതമായി നടത്തിപ്പോരുന്ന ആർടി പിസിആർ പരിശോധനകളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും പരിസ്ഥിതി സൗഹൃദമാണെന്നതും ഈ പരിശോധനാ മാർഗത്തെ വ്യത്യസ്തമാക്കുന്നു.

ക്ലിനിക്കൽ പരിശോധനയിൽ നിന്ന് വ്യത്യസ്തമായ ഈ മാർഗം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വ്യാപകമായ പരിശോധന നടത്താൻ കൂടുതൽ പ്രയോജനപ്രദമാകുമെന്നും കരുതപ്പെടുന്നു. മാത്രവുമല്ല, നിലവിലെ പരിശോധനാ രീതികൾ ചിലരിലെങ്കിലും ഉണ്ടാക്കുന്ന അസ്വസ്ഥതയും ഈ മാർഗം അവലംബിക്കുന്നതിലൂടെ ഒഴിവാക്കാൻ കഴിയും. അതിനാൽ, കൂടുതൽ ആളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ സന്നദ്ധരാകുമെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു.

ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ നടത്താൻ കഴിയുന്ന പരിശോധനയാണ് ഫോൺ സ്ക്രീനിങ് ടെസ്റ്റ് എന്നതാണ് ഇതിന്റെ മറ്റൊരു മേന്മ. ആരോഗ്യ പ്രവർത്തകരുടെയോ മെഡിക്കൽ ഉദ്യോഗസ്ഥരുടെയോ സാന്നിധ്യമില്ലാതെ തന്നെ ഈ പരിശോധന നടത്താൻ കഴിയും എന്നതും ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്. പരിശോധനകൾ വ്യാപകമായി സംഘടിപ്പിക്കാനും കൂടുതൽ ജനങ്ങളെ പരിശോധനയുടെ ഭാഗമാക്കി മാറ്റാനും ഇത് സഹായിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 'ഇ ലൈഫ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പരിശോധന സംബന്ധിച്ച പഠന ഫലങ്ങൾ ഗവേഷക സംഘം പ്രസിദ്ധീകരിച്ചത്.

"ലോകത്ത് പൊതുവിലും, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ചും ഈ മഹാമാരി വിതയ്ക്കാൻ പോകുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മറ്റു പലരെയും പോലെ ഞാനും ആശങ്കാകുലനാണ്. രോഗത്തിന്റെ വ്യാപനം തടഞ്ഞു നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പരമാവധി ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, കോവിഡ് പരിശോധനയുടെ ചെലവ് മൂലവും പരിശോധനാ രീതി സൃഷ്ടിക്കുന്ന അസ്വസ്ഥത മൂലവും പലരും രോഗപരിശോധന നടത്താൻ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത" ചിലിയൻ സ്റ്റാർട്ടപ്പ് ആയ ഡയഗ്നോസിസ് ബയോടെക്ക് നടത്തിയ ഗവേഷണത്തിന് നേതൃത്വം നൽകിയ റോഡ്രിഗോ യങ് പറഞ്ഞു.

"ഫോൺ സ്‌ക്രീൻ ടെസ്റ്റ് വ്യാപകമായ രീതിയിലുള്ള കോവിഡ് പരിശോധന കൂടുതൽ എളുപ്പമാക്കുന്നതോടൊപ്പം ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മഹാമാരികളെ ഒഴിവാക്കാൻ പുതിയ വൈറസുകളുടെ വ്യാപനം ചെറുക്കാനും സഹായിക്കും"അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Anuraj GR
First published: June 24, 2021, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories