രാജ്യസഭ തിരഞ്ഞെടുപ്പ്, കൂടുമാറ്റം തുടര്‍ക്കഥ

ഗുജറാത്തില്‍ ഏത് സാഹചര്യത്തെയും അട്ടിമറിക്കാന്‍ അമിത്ഷായ്ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് രാജ്യസഭയിലെ നാല് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്

News18 Malayalam | news18-malayalam
Updated: June 4, 2020, 10:54 PM IST
രാജ്യസഭ തിരഞ്ഞെടുപ്പ്, കൂടുമാറ്റം തുടര്‍ക്കഥ
അമിത് ഷാ
  • Share this:
പതിനേഴ് സംസ്ഥാനങ്ങളിലായി അന്‍പത്തിയഞ്ച് സീറ്റുകളിലേക്കാണ് ഈ മാസം 19ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പതിനാറ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സാധാരണ നിലയിലായിരിക്കും. അവിടെയെല്ലാം നിയമസഭയിലെ രാഷ്ട്രീയ ചേരിക്കനുസരിച്ച് വിജയവും പരാജയവുമുണ്ടാകും. പക്ഷെ ഇത്തവണയും മോദിയുടേയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാകില്ല.

അമിത് ഷായുടെ തന്ത്രം ബിജെപിയുടെ വിജയമന്ത്രം

ഗുജറാത്തില്‍ ഏത് സാഹചര്യത്തെയും അട്ടിമറിക്കാന്‍ അമിത്ഷായ്ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് രാജ്യസഭയിലെ നാല് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്. ഇതില്‍ മൂന്ന് എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുണ്ടായിരുന്ന എംഎല്‍എമാരുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാകുമായിരുന്നുള്ളു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇപ്പോള്‍ മൂന്ന് സീറ്റ് വിജയിക്കാനുള്ള എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. സ്വന്തം പക്ഷത്തെ എണ്ണം കൂട്ടാതെ വിജയിക്കുന്ന ഈ തന്ത്രമാണ് ഗുജറാത്തിലും മറ്റു പല സംസ്ഥാനങ്ങളിലും അമിത്ഷാ കാലങ്ങളായി വിജയകരമായി നടപ്പാക്കുന്നത്.

കണക്കിലെ കളി

182 എംഎല്‍എമാരാണ് ഗുജറാത്തില്‍ ആകെയുള്ളത്. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യപിക്കുമ്പോള്‍ ബിജെപിയുടെ അംഗബലം നൂറ്റി മൂന്നും കോണ്‍ഗ്രസിന്റെത് എഴുപത്തിമൂന്നുമായിരുന്നു. മുപ്പത്തിന്നാല് പേരുടെ ഫസ്റ്റ് വോട്ട് ലഭിച്ചാല്‍ വിജയിക്കാം. പക്ഷെ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കിട്ടി കോണ്‍ഗ്രസിന് ആദ്യ അടി. പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ കൈയ്യോടെ രാജിവച്ചു. അപ്പോഴും ബിജെപിക്ക് മൂന്ന് പേരെ വിജയിപ്പിക്കാനാകുമായിരുന്നില്ല. എന്നാല്‍ മാര്‍ച്ച് 26 ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് കോവിഡ് കാരണം മാറ്റി വച്ചു. അത് കോണ്‍ഗ്രസിന് അടുത്ത അടിയായി. ജൂണ്‍ 19ന് അടുത്ത തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു. ഒരു എംഎല്‍എ എത് സമയത്തും രാജി നല്‍കിയേക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന്റെ അംഗബലം 65 ആകും. ഒരു സ്ഥാനാര്‍ത്ഥിയെ അനായാസം വിജയിപ്പിക്കാം. സ്വന്തം ബലത്തില്‍ രണ്ട് പേരെ മാത്രം വിജയിപ്പിക്കാനാകുമായിരുന്ന ബിജെപിക്കാകട്ടെ ഇപ്പോഴത്തെ കണക്കില്‍ മൂന്നാമനേയും വിജയിപ്പിച്ചെടുക്കാനാകും. ഒരു ആശയകുഴപ്പത്തിനും ഇടനല്‍കാതെ മുന്‍കോണ്‍ഗ്രസ് നേതാവിനെ തന്നെ മൂന്നാമനായി കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. രണ്ടാം സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും കോണ്‍ഗ്രസ് രണ്ട് പേരെ മത്സരത്തിനിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അമിത്ഷായെ വെല്ലുവിളിച്ച് 2017ല്‍ അഹമ്മദ് പട്ടേല്‍ നടത്തിയത് പോലെ രണ്ടും കല്‍പ്പിച്ചൊരു മത്സരത്തിനൊന്നും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കാരണം മറ്റോന്നുമല്ല. അങ്ങനെയൊരു പോരാട്ടത്തിന് ഇറങ്ങിയാല്‍ ഇപ്പോഴുള്ള ബാക്കി എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും രാജിവച്ച് സ്ഥലം വിടും എന്ന പേടി തന്നെ.

മധ്യപ്രദേശിലും കോണ്‍ഗ്രസിന് ആശങ്ക തന്നെ

ഗുജറാത്തില്‍ മാത്രമല്ല കോവിഡ് മഹാമാരിക്കിടെ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ മധ്യപ്രദേശിലും പ്രതിസന്ധി തന്നെയാണ്. മൂന്ന് സീറ്റുകളിലാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്. ജോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റും നഷ്ടമാകും. 52 ആദ്യ വോട്ടുകളാണ് മധ്യപ്രദേശില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ട്. 112 പേരുടെ പിന്തുണയുള്ള ബിജെപിക്ക് നിഷ്പ്രയാസം രണ്ട് പേരെ വിജയിപ്പിക്കാം. 92 പേര്‍ മാത്രമുളള കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റ് പിടിക്കണമെങ്കില്‍ 12 പേരുടെ പിന്തുണ കൂടി വേണം. ഇത് അസാധ്യമാണെങ്കിലും രണ്ട് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്.

രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും

രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് പാളയത്തില്‍ പട നേരിടാത്തത്. അവിടെ നിന്ന് സ്വന്തം സ്ഥാനാര്‍ത്ഥികളായ കെ.സി. വേണുഗോപാലിനേയും നീരജ് ദങ്ഗിയേയും കോണ്‍ഗ്രസിന് അനായാസം വിജയിപ്പിച്ചെടുക്കാം. എങ്കിലും കോണ്‍ഗ്രസ് പാളയത്തില്‍ ആശയകുഴപ്പമുണ്ടാക്കാന്‍ ബിജെപി പരമാവധി ശ്രമം നടത്തുന്നുണ്ട്. അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും ഒഡീഷയിലും കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമാകും. ഹരിയാനയിലും ഹിമാചലിലും ഒരോ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. രണ്ടും ഭരണകക്ഷിയായ ബിജെപി നേടും. നാല് സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയില്‍ രണ്ട് സീറ്റ് ബിജെഡിക്കും ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിക്കും. നാലാമത്തെ സീറ്റ് ബിജെഡിയുടെ പിന്തുണയോടെ ബിജെപി പിടിക്കും.
TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
പ്രതിസന്ധി 2022ല്‍

ഈ രാഷ്ട്രീയ അട്ടിമറികളൊക്കെ നടത്തി ജൂണ്‍ 19 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കിയാലും 2022ല്‍ ബിജെപിയെ കാത്തിരിക്കുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അറുപത്തി എട്ട് സീറ്റുകളിലേക്കാണ് 2022ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവും. ഘടകകക്ഷി ഭരിക്കുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില അത്ര ഭദ്രവുമല്ല. 2022ല്‍ വന്‍നേട്ടമുണ്ടാക്കിയാല്‍ പിന്നെ രാജ്യസഭയില്‍ ഘടകക്ഷികളുടെ സഹായത്തിന് കാത്ത് നില്‍ക്കേണ്ട ആവശ്യ ബിജെപിക്കുണ്ടാകില്ല. പക്ഷെ ആ നേട്ടത്തിന് ആദ്യം ബംഗാളിലും, പഞ്ചാബിലും, ബീഹാറിലും, തമിഴ്‌നാട്ടിലും അധികാരം പിടിക്കേണ്ടി വരും. അതിന് അമിത്ഷായുടെ ഗുജറാത്ത് തന്ത്രം മാത്രം മതിയാകില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബംഗാളിനേയും മമത ബാനര്‍ജിയേയും വിടാതെ പിടിച്ചിരിക്കുന്നതിന് കാരണവും ഇത് തന്നെ.



First published: June 4, 2020, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading