തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണെന്നും തുള്ളി പോലും പാഴാക്കാതെ വാക്സിന് സുഗമമായി നടത്തുന്ന വാക്സിന് ടീമിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്സിന് പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരാണെന്ന് മന്ത്രി പറഞ്ഞു.
26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന് വീതം നല്‍കിയിട്ടുണ്ട്.
Also Read-കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?; പ്രതിവിധി നിർദേശിച്ച് കേരള പൊലീസ്
സംസ്ഥാനത്ത് സ്ത്രീകളാണ് പുരുഷന്മാരേക്കേള് കൂടുതല്‍ വാക്സിന് സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരും വാക്സിന് സ്വീകരിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ ജൂണ്‍ 23 മുതല്‍ ഏഴ് ദിവസത്തേയ്ക്ക് പൂര്‍ണ്ണമായും അടച്ചിടാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഉത്തരവിട്ടത്.
ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പ്രസ്തുത രോഗികളും, ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളില്‍ മേല്‍ പറഞ്ഞ നടപടി സ്വീകരിച്ചത്. പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കുകയും, സാമൂഹിക അകലം, മാസ്ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.