തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സെന്റിനൽ സർവ്വൈലൻസ് വ്യാപിപ്പിക്കാൻ തീരുമാനം. ഓഫീസുകളും, ഷോപ്പിംഗ് മാളുകളും, വിപണികളുമടക്കം പത്ത് വിഭാഗങ്ങൾക്കിടയിൽ പരിശോധന വ്യാപിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും മുൻഗണനാ വിഭാഗത്തെ കണ്ടെത്തുക.
അടുത്ത മാസം കോവിഡ് വ്യാപനം കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സെന്റിനൽ സർവ്വൈലൻസ് വിഭാഗത്തിൽ പരിശോധന വ്യാപിപ്പിക്കാനുള്ള തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആഴ്ചയിൽ പരിശോധന നടത്തണം. പൊതുജനങ്ങളുമായി ഇടപഴകുന്നതനുസരിച്ച് പത്ത് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന.
ഉദാഹരണത്തിന് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ഷോപ്പിംഗ് മാളുകൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തും. പഞ്ചായത്ത് പരിധിയിലാണെങ്കിൽ അഞ്ചും, മുനിസിപ്പാലിറ്റിയാണെങ്കിൽ ഇരുപതും, കോർപറേഷൻ ആണെങ്കിൽ മുപ്പതും സാമ്പിളുകൾ ആഴ്ചയിൽ ഈ വിഭാഗത്തിൽ പരിശോധിക്കണം.
ഇതേ രീതിയിൽ ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ, ക്ലസ്റ്ററുകൾ, കണ്ടയ്ൻമന്റ് സോണുകൾ, പ്രായമായവർ തുടങ്ങി 10 വിഭാഗങ്ങൾ ഉൾപ്പെടും. ആന്റിജൻ പരിശോധനയാകും നടത്തുന്നത്. പരിശോധനാ ഫലം പോസിറ്റീവായാൽ നേരത്തെയുള്ള മാർഗനിർദേശ പ്രകാരം കോൺടാക്ട് കണ്ടെത്തുന്നതും, ക്വാറന്റീനുമെല്ലാം അതേ രീതിയിൽ തുടരണം. പരിശോധന വ്യാപിപ്പിക്കുന്നതോടെ ക്ലസ്റ്ററുകൾ നേരത്തെ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Coronavirus, Covid 19, Virus