ന്യൂഡൽഹി: 45 വയസ്സിന് മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 45 വയസ്സിന് മുകളിലുള്ളവർ വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവർക്കുമാണ് നിലവിൽ വാക്സിൻ നൽകുന്നത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം.
നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്സിനി ക്ഷാമമില്ലെന്നും ആവശ്യത്തിനി വാക്സിൻ ഡോസുകളുണ്ടെന്നും ജാവദേക്കർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകൾ വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെന്നും 80 ലക്ഷം പേർ രണ്ടു ഡോസും എടുത്തെന്നും മന്ത്രി പറഞ്ഞു.
It has been decided that from 1st April, the vaccine will open for everybody above 45 years of age. We request that all eligible should immediately register and get vaccinated: Union Minister Prakash Javadekar #COVID19 pic.twitter.com/RWoTORzYnW
— ANI (@ANI) March 23, 2021
പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ‘കോവിഷീൽഡ്’ വാക്സിൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 4 മുതൽ 8 ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. 4- 6 ആഴ്ചകളുടെ വ്യത്യാസത്തിൽ വാക്സീൻ നൽകാമെന്നായിരുന്നു കോവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്. ഡോസുകൾക്കിടയിലെ മാറ്റം കോവിഷീൽഡിന് മാത്രമാണു ബാധകം. കോവാക്സിൻ നൽകുന്നത് നിലവിലെ രീതിയിൽ തുടരും.
കോവിഡ് കേസുകൾ വർധിക്കുന്നു; മഹാരാഷ്ട്രയിൽ ജംബോ ആശുപത്രി
കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 24,645 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,04,327 ആയി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 58 മരണങ്ങൾ ഉൾപ്പെടെ ആകെ 53457 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുഘട്ടത്തിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഞായറാഴ്ച മാത്രം 30,535 പേർക്കായിരുന്നു ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Also Read- മൊറട്ടോറിയം പലിശ ഒഴിവാക്കാനാകില്ല; കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി
രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ് വന്നെങ്കിലും സ്ഥിതിഗതികള്‍ ആശങ്ക ഉയർത്തുന്നുണ്ട്. ലോക്ക് ഡൗൺ അടക്കം കോവിഡ് പ്രതിരോധ മാർഗങ്ങൾ സംസ്ഥാനത്ത് പലയിടത്തും കർശനമായി തന്നെ നടപ്പാക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം കുറയാതെ നിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻപുണ്ടായിരുന്ന ജംബോ ഹോസ്പിറ്റൽ സംവിധാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. കിടക്കകള്‍ ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പൂനെ കോളജ് ഓഫ് എഞ്ചിനിയറിംഗിലാണ് 500 കിടക്കകളുടെ സൗകര്യവുമായി ജംബോ ആശുപത്രി സംവിധാനം ഒരുങ്ങുന്നത്. മറ്റ് ആശുപത്രികളിലും കോവിഡ് രോഗികൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്നാണ് പൂനെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.