HOME » NEWS » Corona » UK PRIME MINISTER BORRIS JOHNSON CANCELLED SCHEDULED VISIT TO INDIA

Covid 19 | കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ഏപ്രില്‍ 26 ന് ആരംഭിക്കാനിരുന്ന ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു

News18 Malayalam | news18-malayalam
Updated: April 19, 2021, 3:52 PM IST
Covid 19 | കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ബോറിസ് ജോൺസൺ
  • Share this:
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 26 മുതല്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. 'നിലവിലെ കോവിഡ് വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്താഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. പകരം ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സണും ഫോണിലൂടെ സംസാരിക്കും. ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകും ചെയ്യും' യുകെ-ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതു രണ്ടാം തവണയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുന്നത്. റിപ്പബ്ലക് ദിന പരേഡില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണ്‍ ജനുവരിയില്‍ സന്ദര്‍ശിക്കാനിരുന്നു. എന്നാല്‍ യുകെയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ഏപ്രില്‍ 26 ന് ആരംഭിക്കാനിരുന്ന ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട മ്യൂട്ടന്റ് വേരിയന്റിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇരട്ട മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റിലെ 77 കേസുകള്‍ ബ്രിട്ടന്‍ കണ്ടെത്തിയിരുന്നു. പൊതുജനാരോഗ്യ അധികൃതര്‍ ഈ സമ്മര്‍ദ്ദത്തെ വേരിയന്റ് അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആയി തരംതിരിച്ചു.

ഇന്ത്യന്‍ വകഭേദം കൂടുതല്‍ പകരുന്നതാണോ അതോ വാക്‌സിന്‍ സംരക്ഷണം ഒഴിവാക്കാന്‍ പ്രാപ്തിയുള്ളതാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് വര്‍ദ്ധന രണ്ടേമുക്കാല്‍ ലക്ഷം കടന്നു. മരണസംഖ്യയും കുതിച്ചുയര്‍ന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാക, സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമായി.. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന എഴുപതിനായിരത്തോളമായി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേര്‍ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
Published by: Jayesh Krishnan
First published: April 19, 2021, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories