Covid 19 | കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും ഞായറാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്

COVID 19

COVID 19

 • Share this:
  ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതായി കണ്ടെത്തുന്നവര്‍ക്ക് 1,000 രൂപ പിഴയും ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍വര്‍ധവനവാണ് ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.

  പുതിയ കേസുകള്‍ 79.10 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച 22,439 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 ല്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷാകുന്ന സാഹചര്യത്തില്‍ പത്തു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യൂ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു.

  രാത്രി എട്ടു മണി മുതല്‍ രാവിലെ ഏഴുവരെയാണ് ഇപ്പോള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയായിരുന്നു. നിലവില്‍ ലഖ്‌നൗ, കാണ്‍പുര്‍ സിറ്റി, ഗൗതം ബുദ്ധ നഗര്‍, പ്രയാഗ്‌രാജ്, വാരാണാസി, ഗാസിയബാദ്, മീററ്റ്, ഗോരഖ്പൂര്‍, ശ്രാവസ്തി, മൊറാദബാദ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  Also Read- COVID 19 | കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക

  ഉത്തര്‍പ്രദേശില്‍ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മെയ് 15 വരെ അടച്ചിടുകയും ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ കോവിഡ് രോഗികള്‍ക്ക് പ്രവേശനം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

  രോഗികളെ നിരാകരിക്കുന്ന ഏതെങ്കിലും ആശുപത്രികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഇത് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെയും ചീഫ് മെഡിക്കല്‍ ഓഫീസറുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ വാക്താവ് അറിയിച്ചു.

  അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 17,282 പുതിയ കോവിഡ് കേസുകളും 104 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാരാന്ത്യ കര്‍ഫ്യൂ അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉറപ്പുനല്‍കി.

  അതേസമയം വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഇ-പാസുകള്‍ നല്‍കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍, ഒഡിറ്റോറിയം എന്നിവ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. 30 ശതമാനം ഇരിപ്പിട ശേഷിയുള്ള സിനിമാ ഹാളുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ക്ക് കുറവില്ലെന്നും അയ്യായിരത്തിലധികം കിടക്കകള്‍ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നുമായും അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.

  കഴിഞ്ഞാഴ്ച സര്‍ക്കാര്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഏപ്രില്‍ 30 വരെ തുടരുമെന്നും അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രി സംവിധാനം തകരാറിലായാല്‍ മാത്രമേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഹോട്ടലുകളും വിരുന്നു ഹാളുകളിലും കോവിഡ് ചികിത്സ ഏര്‍പ്പെടുത്താനും ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
  Published by:Jayesh Krishnan
  First published:
  )}