തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി 50 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കോവാക്സിനും നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. വാക്സിന് ക്ഷാമം കാരണം വാക്സിനേഷന് ഡ്രൈവ് വെട്ടിക്കുറച്ചെന്നും കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍ വാക്സിന് ക്ഷാമം മൂലം എറണാകുളത്ത് നിര്‍ത്തിവെച്ച വാക്സിനേഷന് വീണ്ടും ആരംഭിച്ചു. 63 കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിനേഷന് പുനഃരാരംഭിച്ചത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തും.
അതേസമയം മെയ് നാലു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തണം. റെയില്‍വേ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്താന്‍ ശ്രമിക്കണം.
റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടെയും കാര്യമല്ല. വലിയ സൗകര്യങ്ങള്‍ ഉള്ളിടങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താവുന്നതാണ്. സൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ എണ്ണം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4715, എറണാകുളം 4544, തൃശൂര്‍ 4233, മലപ്പുറം 3761, തിരുവനന്തപുരം 3359, കോട്ടയം 2664, കണ്ണൂര്‍ 2304, പാലക്കാട് 999, ആലപ്പുഴ 2208, കൊല്ലം 1956, ഇടുക്കി 1207, പത്തനംതിട്ട 1150, കാസര്‍ഗോഡ് 771, വയനാട് 716 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 27, കാസര്‍ഗോഡ് 19, തൃശൂര്‍ 15, വയനാട് 13, പത്തനംതിട്ട 9, പാലക്കാട് 7, ഇടുക്കി, എറണാകുളം 6 വീതം, കൊല്ലം 5, തിരുവനന്തപുരം 3, കോഴിക്കോട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,703 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,826 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 Vaccination, Covid vaccine, Kerala