യു എസിലെ ഒരു സംസ്ഥാനം അവിടത്തെ യുവാക്കളെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ വാഗ്ദാനങ്ങൾ നൽകുകയാണ്. പശ്ചിമ വിർജീനിയ സംസ്ഥാനം വാക്സിനേഷൻ സ്വീകരിക്കുന്ന, 16 വയസിനും 35 വയസിനും മദ്ധ്യേ പ്രായമുള്ള എല്ലാവർക്കും 100 ഡോളറിന്റെ സേവിങ്സ് ബോണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഈ പ്രായപരിധിയിൽ ഉൾപ്പെടുന്ന ജനങ്ങൾക്ക് നൽകുന്ന ഈ പ്രതിഫലം അവരെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മേയർ ജിം ജസ്റ്റിസ് ഈ പ്രഖ്യാപനം നടത്തിയത്. വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിച്ചിരുന്ന യുവാക്കളിലെ ഒരു വിഭാഗത്തിന് അതിന് വേണ്ട പ്രോത്സാഹനം നൽകാനാണ് ഈ തീരുമാനമെന്ന് എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
"കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടുന്നതിൽ തങ്ങളുടെ പങ്ക് എത്രത്തോളം പ്രധാനമാണെന്ന് നമ്മുടെ കുട്ടികൾ ഒരുപക്ഷെ തിരിച്ചറിയുന്നുണ്ടാവില്ല. അവർക്കും നമുക്കും ഈ സാഹചര്യത്തെ മറികടക്കാൻ ശരിയായ പ്രചോദനം നൽകാനുള്ള ഒരു വഴി കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്.", വാർത്താ സമ്മേളനത്തിൽ ജിം ജസ്റ്റിസ് പറഞ്ഞു.
ഈ ബോണ്ട് പ്രകാരം മേൽ സൂചിപ്പിച്ച പ്രായവിഭാഗത്തിൽപ്പെടുന്നവർക്ക് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് എപ്പോഴെങ്കിലുമായി 100 ഡോളറും അതിന്റെ പലിശയും നേടാൻ കഴിയും. 16 വയസിനും 35 വയസിനും മദ്ധ്യേ പ്രായമുള്ളവരിൽ ഇതിനകം വാക്സിൻ സ്വീകരിച്ചവർക്കും ഈ ബോണ്ട് ബാധകമായിരിക്കും.
1.9 ട്രില്യൺ ഡോളറിന്റെ കൊറോണ റിലീഫ്പാക്കേജിൽ നിന്നാണ് ഈ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ട് വകയിരുത്തുക. CARES എന്ന പേരിലുള്ള ഈ പാക്കേജ് കഴിഞ്ഞ മാസമാണ് നിയമം മൂലം നിലവിൽ വന്നത്. ഈ ഫണ്ട് സേവിങ്സ് ബോണ്ടിനായി നിയമാനുസൃതമായി തന്നെ ചെലവഴിക്കാമെന്ന് സംസ്ഥാനം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ വാക്സിനേഷൻ ആരംഭിച്ച സമയത്ത് പശ്ചിമ വിർജീനിയയിൽ വ്യാപകമായി ആളുകൾ വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ വാക്സിനേഷൻ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ വാക്സിനേഷൻ പ്രക്രിയയയുടെ വേഗത കുറഞ്ഞു വന്നു. യുവാക്കൾക്കിടയിൽ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നതാണ് ഇതിന് കാരണമായത്.
യുവാക്കൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചെങ്കിലും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇപ്പോഴും വിർജീനിയ സംസ്ഥാനം മുൻഗണന നൽകുന്നത്. പ്രായമായ ജനങ്ങളിൽ 78 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും 68.5 ശതമാനം പേർ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു എന്നും ഗവർണർ അറിയിക്കുന്നു. പശ്ചിമ വിർജീനിയയിലെ യോഗ്യരായ ജനങ്ങളിൽ 70 ശതമാനത്തിലധികം പേരെ വാക്സിനേഷന് വിധേയരാക്കുക എന്നതാണ് ലക്ഷ്യമെന്നും അത് സാക്ഷാത്കരിക്കാൻ 16-നും 35-നും മദ്ധ്യേ പ്രായമുള്ളവരിൽ 80 ശതമാനവും വാക്സിൻ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. അത് സാക്ഷാത്കരിക്കപ്പെട്ടാൽ മാസ്കുകൾ ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നും ആശുപത്രി കേസുകളും മരണങ്ങളും ഗണ്യമായി കുറയുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്നു.
Keywords: Covid 19, USA, West Virginia, Covid Vaccine, Savings Bond
കോവിഡ് 19, യു എസ്, പശ്ചിമ വിർജീനിയ, കോവിഡ് വാക്സിൻ, സേവിങ്സ് ബോണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.