ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 46963 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷത്തിലേക്കടുക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 81,84,082 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 74,91,513 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,70,458 പേരാണ് ചികിത്സയിൽ തുടരുന്നത്. 91.54% ആണ് നിലവിലെ രോഗമുക്തി നിരക്ക്.
അതുപോലെ തന്നെ മരണനിരക്കിലും രാജ്യത്തെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1.49% ആണ് മരണനിരക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 470 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,22,111 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് പരിശോധനകളും പ്രതിദിനം കൂടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 10.91ലക്ഷം സാമ്പിൾ പരിശോധനകളാണ് നടത്തിയത്. ഇതോടെ ഇതുവരെയുള്ള കോവിഡ് പരിശോധനകൾ പതിനൊന്ന് കോടിയിലേക്കടുക്കുകയാണ്. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളിലും ഇപ്പോൾ കോവിഡ് കേസുകൾ കുറഞ്ഞു വരുന്നത് ശുഭസൂചന നൽകുന്ന കാര്യമാണ്.
നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്ത് മുന്നില്‍ നിൽക്കുന്നത് കേരളമാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 7983 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 4,33,105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3,40,324 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 91,190 പേരാണ് ചികിത്സയിൽ തുടരുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.