HOME » NEWS » Corona » WOCKHARDT PHARMACEUTICAL COMPANY HAS ON OFFER 2 BILLION VACCINE DOSES PER YEAR MM

'പ്രതിവർഷം 2 ലക്ഷം കോടി കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിയും': വാഗ്ദാനവുമായി മരുന്നു നിർമാണ കമ്പനി

2022 ഫെബ്രുവരിയോടെ 500 ദശലക്ഷം ഡോസ് ശേഷിയോടെ വാക്സിൻ ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും അവർ അറിയിച്ചു

News18 Malayalam | news18-malayalam
Updated: May 27, 2021, 12:01 PM IST
'പ്രതിവർഷം 2 ലക്ഷം കോടി കോവിഡ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിയും': വാഗ്ദാനവുമായി മരുന്നു നിർമാണ കമ്പനി
(പ്രതീകാത്മക ചിത്രം)
  • Share this:
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർഡ് പ്രതിവർഷം രണ്ട് ലക്ഷം കോടി ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഗവൺമെന്റിനെ അറിയിച്ചു. 2022 ഫെബ്രുവരിയോടെ 500 ദശലക്ഷം ഡോസ് ശേഷിയോടെ വാക്സിൻ ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും അവർ അറിയിച്ചു.

ഈ മാസത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തിന് സമർപ്പിച്ച ഔദ്യോഗിക അറിയിപ്പിലൂടെ, രാജ്യത്തിനകത്ത് തങ്ങളുടെ പങ്കാളികളാകാൻ സാധ്യതയുള്ള വാക്സിൻ നിർമാതാക്കളെ കണ്ടെത്താൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്ക്ഹാർഡ് സർക്കാരിന്റെ സഹായം തേടി. കോവിഡ് 19 വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് മുന്നോടിയായി ചില സാങ്കേതികവിദ്യകളും കൈമാറ്റം ചെയ്യേണ്ടതുണ്ടാകും. തങ്ങളുടെ നിർമാണശേഷിയും ഗവേഷണത്തിനുള്ള സംവിധാനവും പ്രയോജനപ്പെടുത്തി എം ആർ എൻ എ, പ്രോട്ടീൻ, വെക്റ്റർ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും വോക്ക്ഹാർഡ് വ്യക്തമാക്കി.

അടുത്തിടെ സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവെ ഇതിനെ സംബന്ധിച്ച് കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി മൻഷൂക്ക് എസ് മാണ്ഡവ്യ പ്രതികരിക്കുകയുണ്ടായി.

"കഴിഞ്ഞ ആഴ്ച വോക്ക്ഹാർഡ് ഞങ്ങളെ സമീപിക്കുകയും ഏതെങ്കിലും വാക്സിൻ നിർമാണ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന താത്പര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ അതിനായി ശ്രമിക്കുകയാണ്," എന്നാണ് മന്ത്രി പറഞ്ഞത്. ഇന്ത്യയ്ക്ക് പുറത്ത് യു കെ ഗവൺമെന്റുമായി വോക്ക്ഹാർഡ് കരാറിലേർപ്പെട്ടിട്ടുണ്ട്. യു കെ യിലെ രോഗപ്രതിരോധ ക്യമ്പയിനുവേണ്ടി നോർത്ത് വെയ്ൽസിലെ തങ്ങളുടെ പ്ലാന്റിൽ നിന്ന് വോക്ക്ഹാർഡ് ആസ്‌ട്രാസെനക്ക-ഓക്സ്ഫോർഡ് സർവകലാശാല വാക്സിൻ ചെറിയ മരുന്നുകുപ്പികളിൽ നിറയ്ക്കുകയും പായ്‌ക്കേജ് ചെയ്യുകയും ചെയ്യുന്നു.



ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ വാക്സിൻ ലഭ്യമാക്കുക എന്ന ആവശ്യം നിറവേറ്റാൻ ഇന്ത്യ പാടുപെടുന്ന അവസരത്തിൽ വോക്ക്ഹാർഡിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം വളരെ നിർണായകമാണ്. ഈ പ്രതിസന്ധിയുടെ ഭാഗമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ), ഭാരത് ബയോടെക്ക് തുടങ്ങിയ കമ്പനികൾക്ക് മറ്റു ജീവൻ രക്ഷാ വാക്സിനുകൾ ഉത്പാദിപ്പിക്കാനായി തങ്ങളുടെ നിർമ്മാണശേഷി പുനഃക്രമീകരിക്കേണ്ടി വന്നിരുന്നു.

ഈ ഘട്ടത്തിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉത്പാദിപ്പിക്കാൻ വോക്ക്ഹാർഡ് ഉദ്ദേശിക്കുന്നില്ല. ഈ വാക്സിന്റെ നിർമാണത്തിന് ബയോസേഫ്റ്റി ലെവൽ 3 പോലുള്ള പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമാണ് എന്നതും കൂടുതൽ ഔട്ട്പുട്ട് സമയം വേണ്ടിവരുന്നു എന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. "ഒരേ വാക്സിന്റെ 2 ലക്ഷം കോടി ഡോസുകൾ ഉത്പാദിപ്പിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് 2-3 വാക്സിനുകൾ ലഭ്യമാക്കുക എന്നതാണ്. അതിലൂടെ കൂടുതൽ സുസ്ഥിരമായ പ്രവർത്തനം ഉറപ്പു വരുത്താൻ കഴിയും", വോക്ക്ഹാർഡുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.

എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു വാക്സിന്റെ 500 ദശലക്ഷം ഡോസുകൾ ഒരു വർഷത്തിനുള്ളിൽ നിർമിക്കാനുള്ള ശേഷി കൈവരിക്കാനുള്ള ശ്രമത്തിലാണ് വോക്ക്ഹാർഡ്. ഈ നിർമാണശേഷി കൈവരിക്കാൻ ഏതാണ്ട് ആറ് മുതൽ ഒൻപത് മാസം വരെ സമയമെടുത്തേക്കാം.

Keywords: Wockhardt, Indian Pharmaceutical Company, Covid 19 Vaccine, Vaccine Manufacturers, Central Government, വോക്ക്ഹാർഡ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി, കോവിഡ് 19 വാക്സിൻ, വാക്സിൻ നിർമാണ കമ്പനി, കേന്ദ്ര സർക്കാർ
Published by: user_57
First published: May 27, 2021, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories