• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ബാധിച്ച് അമ്മയെ നഷ്ടപ്പെട്ട യുവതി, 'ഓക്സിജൻ ഓട്ടോ'യുമായി രക്ഷപ്പെടുത്തിയത് 800ഓളം ജീവനുകൾ

കോവിഡ് ബാധിച്ച് അമ്മയെ നഷ്ടപ്പെട്ട യുവതി, 'ഓക്സിജൻ ഓട്ടോ'യുമായി രക്ഷപ്പെടുത്തിയത് 800ഓളം ജീവനുകൾ

സീതയുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ സ്ട്രീറ്റ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും രണ്ട് സന്നദ്ധപ്രവർത്തകരായ മോഹൻരാജിന്റെയും ശരത് കുമാറിന്റെയും സഹായത്തോടെ അവർ ദിവസവും കുറഞ്ഞത് 30 പേർക്ക് ഓക്സിജൻ സഹായം നൽകി വരുന്നുണ്ട്.

  • Share this:
കോവിഡ് വൈറസ് മഹാമാരി ലോകമെമ്പാടും വ്യാപിച്ച് രാജ്യങ്ങളുടെ വളർച്ചയും വികാസവും ജന ജീവിതവും തടസ്സപ്പെടുത്തി മുന്നേറുകയാണ്. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ അഭാവവും രാജ്യത്തിന്റെ മെഡിക്കൽ സേവനങ്ങളുടെ അപര്യാപ്തതയുമൊക്കെ ഇന്ത്യയിൽ ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ രോഗികൾക്ക് ഏറ്റവും അത്യാവശ്യവും ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്നതുമായ ഒന്നാണ് ഓക്സിജൻ.

രാജ്യത്തെ നിരവധിയാളുകളെപ്പോലെ കോവിഡ് ദുരിതമനുഭവിച്ച 36കാരിയായ ചെന്നൈ സ്വദേശിനി ആർ.സീത ദേവി, മെയ് 1 ന്, രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന് പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നു. യുവതിയുടെ കോവിഡ് പോസിറ്റീവായ 65 വയസ്സുള്ള അമ്മയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗികൾക്ക് നൽകാൻ ആവശ്യത്തിന് ഓക്സിജൻ ബെഡുകൾ അവിടെ ഉണ്ടായിരുന്നില്ല. ഒടുവിൽ, നീണ്ട കാത്തിരിപ്പിനുശേഷം, അമ്മയ്ക്ക് ഓക്സിജൻ സൗകര്യമുള്ള ബെഡ് കിട്ടി. പക്ഷേ നിർഭാഗ്യവശാൽ അപ്പോഴേയ്ക്കും അമ്മ വൈറസിന് കീഴടങ്ങിയിരുന്നു. "ഓക്സിജന്റെ അളവ് വളരെ കുറഞ്ഞതിനാൽ അമ്മയെ രക്ഷിക്കാനായില്ല" ലൈഫ് ബിയോണ്ട് നമ്പറിന് നൽകിയ അഭിമുഖത്തിൽ സീത പറഞ്ഞു. എന്നാൽ സ്വന്തം അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയാഞ്ഞ സീത പിന്നീട് 800ഓളം പേരുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരിയായി.

മെയ് 5ന്, ഓക്സിജൻ സിലിണ്ടറും ഫ്ലോമീറ്ററും മാസ്കുകളും സജ്ജീകരിച്ച ഒരു 'ഓക്സിജൻ ഓട്ടോ'യിൽ സീത ആർജിജിജിഎച്ചിന് പുറത്ത് കാത്തുനിന്നു. തനിക്കും അമ്മയ്ക്കും അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് സീത തീരുമാനിക്കുകയായിരുന്നു. ഇത് ഓക്സിജൻ കിട്ടാതെ വലഞ്ഞ നിരവധി കോവിഡ് രോഗികൾക്ക് ആശ്വാസമായി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സീത സൗജന്യ ഓക്സിജൻ സേവനം വാ​ഗ്ദാനം ചെയ്തത്.

സീതയുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ സ്ട്രീറ്റ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും രണ്ട് സന്നദ്ധപ്രവർത്തകരായ മോഹൻരാജിന്റെയും ശരത് കുമാറിന്റെയും സഹായത്തോടെ അവർ ദിവസവും കുറഞ്ഞത് 30 പേർക്ക് ഓക്സിജൻ സഹായം നൽകാൻ തുടങ്ങി. ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ എന്റെ ഫോണിൽ 24 മണിക്കൂറും മറുപടി നൽകുകയും എത്രയും വേഗം രോഗിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്യുമെന്നും തനിക്ക് കഴിയുന്ന വിധത്തിൽ ആളുകളെ സഹായിക്കാൻ താൻ ബാധ്യസ്ഥയാണെന്നും സീത പറഞ്ഞു.

Also read- ഒരു ദിവസം ഒരു കോടി വാക്സിൻ; ഒരു കോടി വാക്സിൻ എന്ന നേട്ടം കൈവരിച്ച് ഇന്ത്യ

മേയിൽ ഒരു ഓട്ടോയിൽ ആരംഭിച്ച ഈ ഓട്ടോ സർവീസിന്റെ എണ്ണം ഇപ്പോൾ രണ്ടായിട്ടുണ്ട്. സമാനമായ സൗകര്യങ്ങളോട് കൂടി തന്നെയാണ് ഈ രണ്ടാമത്തെ ഓട്ടോയും അവർ പ്രവർത്തിപ്പിക്കുന്നത്.

പകർച്ചവ്യാധി കൂടി നിന്നിരുന്ന സമയത്ത് ഓക്സിജൻ സഹായം നൽകുന്നതിനൊപ്പം സീത മരിച്ചവരെ ശ്മശാനങ്ങളിലേയ്ക്ക് ‌കൊണ്ടുപോകുന്നതിനും സഹായിച്ചിരുന്നു. കൂടാതെ, സമീപത്തുള്ള ആവശ്യക്കാർക്ക് ഭക്ഷണവും എത്തിച്ച് നൽകിയിരുന്നു. കൂടാതെ ചെന്നൈയിലെ 10 ആശുപത്രികളിൽ സാനിറ്ററി നാപ്കിൻ ഡിസ്പെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്.
Published by:Naveen
First published: