ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ലോകത്തെമ്പാടുമായി പത്ത് ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചെന്നാണ് കണക്കുകൾ. കോവിഡ് വ്യാപനം അപകടകരമായ പുതിയ ഘട്ടത്തിലെന്ന് ലോകാരോഗ്യസംഘടന മുന്നറിപ്പ് നൽകുന്നു. യൂറോപ്പിലേയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളിൽ രോഗബാധ നിയന്ത്രണത്തിൽ ആയെങ്കിലും മറ്റുള്ള സ്ഥലങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മൂന്ന് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിൽ എത്തിയത്. എന്നാൽ 90 ലക്ഷത്തിൽ നിന്ന് ഒരു കോടിയിലെത്താൻ വേണ്ടിവന്നത് വെറും 8 ദിവസം മാത്രം.
ടെക്സാസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ പ്രഖ്യാപിച്ച ഇളവുകളിൽ പലതും റദ്ദ് ചെയ്തു. മെയ് ആദ്യം ടെക്സാസിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ബാറുകൾ അടച്ചു. റസ്റ്റോറന്റുകളുടെ പ്രവർത്തനവും നിയന്ത്രിച്ചിട്ടുണ്ട്.
ലോസ് ആഞ്ചൽസ് അടക്കമുള്ള സ്ഥലങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളോറിഡയിൽ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.
സൗത്ത് ആഫ്രിക്കയിൽ വരുന്ന ആഴ്ച്ചകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
യുഎസ്സിലാണ് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 125,000 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. ബ്രസീലാണ് രണ്ടാമതുള്ളത്. 57,000 പേർ ഇവിടെ മരിച്ചു.
രോഗബാധിതരിലും ഏറ്റവും മുന്നിലുള്ളത് യുഎസ് തന്നെയാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 189,000 പുതിയ കേസുകളാണ്. വൈറസ് വ്യാപനത്തിൽ ഇനിയും ഗണ്യമായ വർധനവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുന്നു. രോഗബാധിതർ പതിമൂന്നര ലക്ഷം കടന്നു. സാവോ പോളേയിലും റിയോ ഡി ജെനറോയിലുമാണ് കൂടുതൽ രോഗികൾ. എന്നാൽ മറ്റ് സ്ഥലങ്ങളിൽ പരിശോധന കുറവാണെന്ന ആരോപണവുമുണ്ട്. അങ്ങനെയെങ്കിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ആശങ്ക.
You may also like:ആട് കുഴിയിൽ വീണു; രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്; പിന്നെ സംഭവിച്ചത്; Viral Video പങ്കുവെച്ച് അസം ADGP [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
മെക്സിക്കോയിൽ പരിശോധന നടത്തിയവരിൽ പകുതിയോളം പേർക്കും രോഗം സ്ഥിരീകരിച്ചെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ന്യൂയോർക്കിലെയും ഇറ്റലിയിലെയും നിരക്കിനേക്കാളും അധികമാണ് ഇത്. നിലവിൽ രണ്ട് ലക്ഷത്തി പതിനാറായിരത്തിൽ അധികം രോഗികളാണ് മെക്സിക്കോയിലുള്ളത്.
ചൈനയിൽ പുതിയ 12 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അഞ്ചുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. മറ്റ് ഏഴു രോഗികളെയും ബെയ്ജിംഗിലാണ്. ജൂൺ 11ന് വീണ്ടും രോഗബാധ കണ്ടെത്തിയതിന് പിന്നാലെ, ബെയ്ജിംഗ് നഗരത്തിലെ രണ്ടുകോടി ജനങ്ങളിൽ മൂന്നിലൊന്ന് പേരെയും പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ചൈനയുടെ അവകാശവാദം.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 19,459 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ 380 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 16,475 ആയി.
അതേസമയം, വിയറ്റ്നാമിൽ ഇതുവരെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 355 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 330 പേർക്കും രോഗം ഭേദമായി. ടൂറിസം കേന്ദ്രമായിട്ടും ഈ നേട്ടം കൈവരിക്കാനായത് മാതൃകാപരമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്ടന്ന് തന്നെ ലോക്ക്ഡൗൺ നടപ്പാക്കിയതും അതിര്‍ത്തിയിൽ നിയന്ത്രണം കർശനമാക്കിയതും രോഗബാധയെ നിയന്ത്രിച്ചു നിർത്തിയെന്ന് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona virus, Corona virus spread, Coronavirus, Coronavirus update, Covid 19