• HOME
  • »
  • NEWS
  • »
  • crime
  • »
  • ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേർ ബംഗളുരുവിൽ പിടിയിലായി

ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേർ ബംഗളുരുവിൽ പിടിയിലായി

വാസ്തുവിനും മരുന്ന് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ആളുകൾക്കായാണ് ഇവർ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി

  • Last Updated :
  • Share this:
    ബംഗളുരു: ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് 1,132 നക്ഷത്ര ആമകളെ പൊലീസ് പിടിച്ചെടുത്തത്. ആമകളെ കൊണ്ടുവന്ന കല്യാൺ, സിംഹാദ്രി, ചിക്കബെല്ലാപൂർ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കിൽ നിന്നുള്ള ഐസക്, ബാഗേപള്ളി സ്വദേശി രാജപുത്ര എന്നിവരാണ് അറസ്റ്റിലായത്.

    പ്രതികൾ നാടോടികളാണെന്നും അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിർത്തികളിൽ താമസിച്ച് കാട്ടിൽ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ആളുകൾക്കായാണ് ഇവർ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

    ഇത്തരത്തിൽ വനത്തിൽനിന്ന് നക്ഷത്ര ആമകളെ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്നത് ഇവർ തങ്ങളുടെ ഉപജീവനമാർഗ്ഗമാക്കി മാറ്റി, ഈ ആമകളെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. നേരത്തെ 100 നക്ഷത്ര ആമകളെ മുംബൈയിൽ വിറ്റിരുന്നതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

    ബംഗളൂരുവിലെ ഗോരഗുണ്ടേപാളയ ബസ് സ്റ്റേഷനിൽ നിന്ന് 963 നക്ഷത്ര ആമകളെ പിടികൂടിയ ശേഷം പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു പ്രതിയെ ചിക്കബല്ലാപ്പൂരിൽ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വസതിയിൽ നിന്ന് കൂടുതൽ ആമകളെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Also Read- അധാര്‍ പൂനെവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

    1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ IV പ്രകാരം നക്ഷത്ര ആമകൾ സംരക്ഷിത മൃഗങ്ങളാണ്, ഇവയെ കൈവശം വച്ചാൽ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും.
    Published by:Anuraj GR
    First published: