• HOME
  • »
  • NEWS
  • »
  • crime
  • »
  • സാരി ധരിച്ച 14ഓളം സ്ത്രീകൾക്ക് നേരെ ഹിന്ദു വിരുദ്ധ വംശീയ ആക്രമണം; അമേരിക്കയിൽ യുവാവ് അറസ്റ്റിൽ

സാരി ധരിച്ച 14ഓളം സ്ത്രീകൾക്ക് നേരെ ഹിന്ദു വിരുദ്ധ വംശീയ ആക്രമണം; അമേരിക്കയിൽ യുവാവ് അറസ്റ്റിൽ

പരമ്പരാഗത ഇന്ത്യൻ വസ്ത്രവും ആഭരണങ്ങളും മറ്റും ധരിച്ച സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്

  • Share this:
കാലിഫോർണിയയിൽ 14 ഹിന്ദു സ്ത്രീകൾ യുവാവിൻ്റെ വംശീയ അതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്. വംശീയ ആക്രമണങ്ങളുടെ പേരിൽ കുറ്റം ചാർത്തപ്പെട്ട ഇയാൾ രണ്ട് മാസത്തിനിടെ ഇന്ത്യൻ വംശജരായ 14 ഹിന്ദു സ്ത്രീകളെ ആക്രമിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ലാതൻ ജോൺസണെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ മുതലാണ് ഇയാൾ ഹിന്ദു സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ആക്രമണം തുടങ്ങിയത്. ഇയാൾ ആക്രമണം നടത്താനുള്ള പശ്ചാത്തലമോ മറ്റ് കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.

പരമ്പരാഗത ഇന്ത്യൻ വസ്ത്രവും ആഭരണങ്ങളും മറ്റും ധരിച്ച സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്. സ്ത്രീകളുടെ കൈപ്പത്തി പിടിച്ചുവലിച്ച് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതായിരുന്നു ഇയാളുടെ ആക്രമണ രീതി എന്നാണ് വിവരം. ഇത്തരം ഒരു മോഷണ ശ്രമത്തിനിടെ ഇയാൾ ഒരു സ്ത്രീയുടെ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്തതായി സിബിഎസ് റിപ്പോർട്ട് ചെയ്തു.

സൗത്ത് ബേയ്ക്ക് ചുറ്റുപാടുമുള്ള മിൽപിറ്റാസ്, സാൻ ഹോ, സാൻ്റ ക്ലാര, സണ്ണിവെയ്ൽ എന്നിവ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അക്രമങ്ങൾ മിക്കവയും നടന്നതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. അക്രമത്തിന് ഇരയായവർ മിക്കവരും തന്നെ സംഭവം നടക്കുമ്പോൾ സാരിയോ മറ്റ് പരമ്പരാഗത വസ്ത്രമോ ധരിച്ചിരുന്നു.

50-നും 73-നും ഇടയിലുള്ള സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. 35000 ഡോളറിന് തുല്യമായ നെക്ക്‌ലേസുകൾ പ്രതി മോഷ്ടിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.സാൻ്റ ക്ലാര പോലീസും യുഎസ് മാർഷലുകളും ചേർന്നാണ് പ്രതിയായ ലാതൻ ജോൺസണെ പിടികൂടിയത്. 37 വയസ് പ്രായമുള്ള ഇയാൾ ഈസ്റ്റ് പാലോ ആൾട്ടോ സ്വദേശിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണേഷ്യൻ വിഭാഗക്കാരെ ആക്രമിക്കുന്നവർ ആരായാലും അവർ അറസ്റ്റ് ചെയ്യപ്പെടുമെന്നും നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ അവർക്ക് നൽകുമെന്നും ഡിസ്ട്രിക്ട് അറ്റോർണി ജെഫ് റോസൺ പ്രസ്താവനയിൽ പറഞ്ഞു.

അക്രമത്തെ ആദ്യം ദക്ഷിണേഷ്യൻ വിഭാഗങ്ങൾക്ക് എതിരായത് എന്നാണ് തരംതിരിച്ചിരുന്നതെന്നും ഡിസ്ട്രിക്ട് അറ്റോർണി പിന്നീട് ഇതിനെ ഹിന്ദുക്കൾക്ക് എതിരായ വംശീയ ആക്രമണം എന്ന വിഭാഗത്തിലേക്ക് മാറ്റിയെന്നും അമേരിക്കയിലെ പ്രമുഖ സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു.

സ്ത്രീകളുടെ ആഭരണങ്ങൾ വലിച്ചൂരുന്നതും കൈപ്പത്തികൾക്ക് പരുക്കേൽക്കും വിധം അവരെ തെരുവിൽക്കൂടി വലിച്ചിഴയ്ക്കുന്നതും അവരുടെ ഭർത്താവിനെ മർദ്ദിക്കുകയും ഇരുവരെയും ഭയപ്പെടുത്തുകയും ചെയ്യുന്നത് വസ്തുവകകൾ മോഷ്ടിക്കുന്നതിനെക്കാൾ വലിയ കുറ്റമാണെന്ന് ഡിസ്ട്രിക്ട് അറ്റോർണി റോസൺടിവി ചാനലുകളോട് പ്രതികരിച്ചു.

അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്ന് ഹിന്ദു അമേരിക്കൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. തങ്ങൾ നേരിടുന്ന വിദ്വേഷ ആക്രമണങ്ങളും ഓൺലൈൻ ഹിന്ദു ഫോബിയയും വർദ്ധിച്ചു വരികയാണെന്ന് സംഘടന പറഞ്ഞു. ഇവർക്ക് ഏറ്റവും ശക്തമായ ശിക്ഷ നൽകിയാൽ മാത്രമേ അത് നല്ല സന്ദേശം നൽകൂ എന്നും കൂട്ടിച്ചേർത്തു.
Published by:Arun krishna
First published: