കോട്ടയം: കോട്ടയത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണി. മണർകാട് ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 14 വയസ്സുകാരിയായ പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ പീഡിപ്പിച്ചു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. രക്തസ്രാവം ഉണ്ടായതിനെതുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന ഉണ്ടായതിനെതുടർന്ന് 14 വയസ്സുകാരിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. രക്തസ്രാവം കണ്ടതിനെത്തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽവെച്ചാണ് പെൺകുട്ടി പ്രസവിച്ചതെന്ന് മണർകാട് പോലീസ് ന്യൂസ് 18 നോട് പറഞ്ഞു. പെൺകുട്ടി നാലര മാസം ഗർഭിണിയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗർഭസ്ഥശിശുവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ സാമ്പിൾ എടുത്ത് അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.
സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച പാമ്പാടി ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പാമ്പാടി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. അതിനിടെയാണ് സംഭവം നടന്നത് മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് എന്ന് പോലീസിന് വിവരം ലഭിച്ചത്. ഇതോടെ കേസ് ഇന്നലെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെഎൽ സജിമോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Also Read- നാലു മണിക്കൂറിനിടെ രണ്ടു തവണ കൂട്ട ബലാത്സംഗം; രാത്രിയിൽ വീട് വിട്ടിറങ്ങിയ 16കാരിക്ക് ഉണ്ടായ ദുരനുഭവം
പീഡനത്തെക്കുറിച്ച് പെൺകുട്ടി നല്കിയിരിക്കുന്ന മൊഴി ഇങ്ങനെയാണ്, 'സ്കൂൾ വിട്ട ശേഷമുള്ള ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന വഴിയോര കച്ചവടത്തിൽ സഹായിയായി പോകാറുണ്ട്. മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കച്ചവടം നടത്തുന്നതിനിടെ ഒരാൾ സാധനം വാങ്ങാമെന്ന് കബളിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു'. പീഡനത്തിനു മുൻപ് മയക്കുമരുന്ന് നൽകിയിരുന്നതായി പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മധ്യവയസ്കനാണ് പീഡിപ്പിച്ചത് എന്ന് മൊഴിയാണ് പെൺകുട്ടി പോലീസിന് നൽകിയിരിക്കുന്നത്.
എന്നാൽ പെൺകുട്ടിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ മണർകാട് പോലീസ് തയ്യാറായിട്ടില്ല. കാറിൽ കയറ്റി കൊണ്ടുപോയി എങ്കിലും പീഡിപ്പിച്ച ആളെ തിരിച്ചറിയാൻ ആകില്ല എന്നാണ് പെൺകുട്ടി നല്കിയിരിക്കുന്ന മൊഴി. അപരിചിതനായ ഒരാൾ വന്നു വിളിച്ചപ്പോൾ കാറിൽ കയറിപ്പോയി എന്നും പോലീസ് ഇപ്പോൾ വിശ്വസിക്കുന്നില്ല. ഡിഎൻഎ അടക്കമുള്ള സാമ്പിൾ ഉള്ള സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന കൂടി നടത്തിയശേഷം ആകും പ്രതിയുടെ കാര്യത്തിൽ പോലീസ് അന്തിമമായ വ്യക്തത വരുത്തുക. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ഉണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പീഡനം നടന്നത് അഞ്ചുമാസം മുൻപ് ആണെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആകുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 14 വയസ്സുകാരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Kottayam, Pocso case, Sexual abuse