ഭോപ്പാൽ: അച്ഛൻ നാലു ലക്ഷം രൂപയ്ക്ക് വിറ്റതിനു പിന്നാലെ ബലാത്സംഗത്തിനിരയായ മധ്യപ്രദേശിൽ നിന്നുള്ള 14 വയസുകാരിയെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഭോപ്പാലിൽ നിന്ന് 190 കിലോമീറ്റർ പടിഞ്ഞാറ് ഉജ്ജൈനിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ്, ഉദയ്പൂർ സ്വദേശിയായ യുവാവ്, രണ്ട് സ്ത്രീകൾ എന്നിവരെ പൊലീസ്
അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മനുഷ്യക്കടത്ത്, വ്യഭിചാരക്കുറ്റം, പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരവും
പോക്സോ വകുപ്പ് ,
ശൈശവ വിവാഹം തടയൽ തുടങ്ങിയ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഉജ്ജൈൻ സ്വദേശിയായ പെൺകുട്ടിയെ നവംബറിൽ മാതാപിതാക്കൾ ഉദയ്പൂരിലേക്ക് കൊണ്ടുപോയി. അവളെ വിവാഹം കഴിപ്പിക്കാൻ പോവുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. പെൺകുട്ടി എതിർത്തുവെങ്കിലും നവംബർ 24 ന് ഉദയ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ വെച്ച് പിതാവ് പെൺകുട്ടിയുടെ വിവാഹം നടത്തി. അതിനുശേഷം പെൺകുട്ടിയെ ഭർത്താവിനൊപ്പം വിട്ടിട്ട് രക്ഷിതാക്കൾ ഉജൈനിലേക്ക് മടങ്ങിയെത്തി.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇയാൾ മാതാപിതാക്കൾ നാലു ലക്ഷം രൂപയ്ക്ക് പെൺകുട്ടിയെ തനിക്ക് വിറ്റിരിക്കുകയാണെന്ന് പെൺകുട്ടിയോട് പറഞ്ഞു. ഡിസംബർ എട്ടിന് മാതാപിതാക്കളെ അവസാനമായി കാണാനായി ഉജ്ജൈനിലേക്ക് കൊണ്ടുപോകാൻ പെൺകുട്ടി ഇയാളോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ അവളെ ഉജ്ജൈനിലേക്ക് കൊണ്ടുവന്നു.
ഞായറാഴ്ച ഇയാൾ പെൺകുട്ടിയെ ഉദയ്പൂരിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും അവൾ അമ്മായിയുമായി ബന്ധപ്പെടുകയും സംഭവങ്ങൾ അമ്മായിയെ അറിയിക്കുകയുമായിരുന്നു. അമ്മായിയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.