കാൺപുർ: ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന് 19 കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു, സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളിലാണ് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
ജഡ്ജി, 2012 ലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം അനുസരിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചത്. കുറ്റപത്രം സമർപ്പിച്ച് വെറും 27 ദിവസത്തിനുള്ളിലാണ് കേസിൽ കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
ഉത്തർപ്രദേശിലെ കോട്വാലി മൂർത്തിഹ പ്രദേശത്താണ് സംഭവം. 2022 ഒക്ടോബർ 30നാണ് മുക്കു എന്നയാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതായി ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുന്നത്. 19 വയസുകാരനായ പ്രതി ധർമ്മപൂർ ബെജ ഗ്രാമവാസിയാണ്. നവംബർ ഒന്നിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഇന്നാണ് കോടതി മുക്കുവിന്‍ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയായി നൽകുന്ന തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നീതി ലഭ്യമാക്കിയതിന് ഇരയുടെ കുടുംബാംഗങ്ങൾ പോലീസിനോടും ജുഡീഷ്യൽ സംവിധാനത്തോടും നന്ദി അറിയിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) അശോക് കുമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.