HOME » NEWS » Crime » 20 DAY OLD WOMAN GOES MISSING AFTER GOING TO DENTAL CLINIC IN MALAPPURAM

മലപ്പുറത്ത് ഡെന്തൽ ക്ലിനിക്കിലേക്ക് പോയ യുവതിയെ കാണാതായിട്ട് 20 ദിവസം; സുബിറ എവിടെ?

സുബിറ തങ്ങളോട് പറയാതെ എങ്ങോട്ടും പോകില്ലെന്നും, ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷിച്ചു വരികയാണ്.

News18 Malayalam | news18-malayalam
Updated: March 30, 2021, 4:38 PM IST
മലപ്പുറത്ത് ഡെന്തൽ ക്ലിനിക്കിലേക്ക് പോയ യുവതിയെ കാണാതായിട്ട് 20 ദിവസം; സുബിറ എവിടെ?
subira
  • Share this:
മലപ്പുറം: ഡെന്തൽ ക്ലിനിക്കിലേക്കു പോയ 21കാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. വളാഞ്ചേരിയിൽ നിന്നാണ് സുബിറ എന്ന യുവതിയെ കഴിഞ്ഞ പത്താം തീയതി മുതൽ കാണാതായത്. ഡെന്തൽ ക്ലിനിക്കിൽ അസിസ്റ്റന്‍റായി ജോലി ചെയ്തു വരികയായിരുന്ന സുബിറ മാർച്ച് പത്തിന് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ജോലി സ്ഥലത്തു എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ സഹപ്രവർത്തകർ സുബിറയുടെ ഫോണിലേക്കു വിളിച്ചുനോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതേ തുടർന്ന് ഡെന്തൽ ക്ലിനിക്കിൽ നിന്ന് സുബിറയുടെ വീട്ടിലേക്കു സഹപ്രവർത്തകർ വിളിച്ചു നോക്കി. ഇതോടെയാണ് വീട്ടിൽനിന്ന് ഇറങ്ങിയ സുബിറയെ കാണാതായതാണെന്ന് സഹപ്രവർത്തകർക്കും വീട്ടുകാർക്കും മനസിലാകുന്നത്. സുബിറയുടെ വീടിന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലെ സി സി ടി വിയില്‍ സുബിറ നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്.

മറ്റെവിടേക്കെങ്കിലും പോകുന്നതിനെ കുറിച്ച് സുബിറ വീട്ടിൽ സംസാരിച്ചിരുന്നില്ല. അതുമാത്രമല്ല, പിറ്റേ ദിവസം ആരംഭിക്കുന്ന പ്രത്യേക വ്രതം അനുഷ്ഠിക്കുന്നതിന് മുന്നോടിയായി കഴിക്കേണ്ട വിഭവങ്ങളെ കുറിച്ചും സുബിറ വീട്ടിൽ സംസാരിച്ചിരുന്നു. ഓഫീസിലേക്കു പോകുമ്പോൾ ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണവും സുബിറ എടുത്തിരുന്നു. സുബിറ തങ്ങളോട് പറയാതെ എങ്ങോട്ടും പോകില്ലെന്നും, ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാണാതായിട്ട് 20 ദിവസം പിന്നിടുമ്പോഴും ഒരു വിവരവും ലഭിച്ചിട്ടില്ല.

വളാഞ്ചേരിയിലെ വീട്ടിൽനിന്ന് വെട്ടിച്ചിറയുള്ള ഡെന്‍റൽ ക്ലിനിക്കിലാണ് സുബിറ ജോലിക്കു പോയത്. സ്ഥിരമായി പോകുന്ന ബസിൽ സുബിറ അന്നു കയറിയിരുന്നില്ലെന്ന് യാത്രക്കാരും ജീവനക്കാരും പറയുന്നു. അതിനാൽ വളാഞ്ചേരിയിൽനിന്നു തന്നെയാണ് സുബിറയെ കാണാതായതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. സംഭവ ദിവസം സുബിറ ബസിൽ ഉണ്ടായിരുന്നില്ലെന്നു സ്ഥിരയാത്രക്കാരും ബസ് ജീവനക്കാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അസ്വാഭാവിക പെരുമാറ്റമോ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പോ ആ ദിവസങ്ങളില്‍ സുബിറയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നു വീട്ടുകാരും പറയുന്നു.

സുബിറയെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സുബിറയുടെ ദൃശ്യം അയൽവീട്ടിലെ സി സി ടി വിയിൽ മാത്രമാണ് പതിഞ്ഞത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്. വളാഞ്ചേരിയിലെ ബസ് സ്റ്റാൻഡിന് പരിസരത്തെ കടകളിലൊന്നും രാവിലെ എട്ടിനും പത്തിനും ഇടയിൽ സുബിറയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമെല്ലാം വ്യാപക തെരച്ചിൽ നടത്തിയിരുന്നു.

Also Read- Porn Video | സ്കൂൾ ഗ്രൂപ്പിൽ അശ്ലീല വീഡിയോ; അധ്യാപികയ്ക്ക് നിർബന്ധിത അവധി നൽകി

ഇതു കൂടാതെ സുബിറയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ഫോൺ കോളുകളും മെസേജുകളും സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സുബിറയെ കാണാതായ വിവരം അറിഞ്ഞ ഗൾഫിലുള്ള പിതാവ് കബീർ നാട്ടിലെത്തിയിട്ടുണ്ട്. മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. എന്നാൽ ഇതുവരെയുള്ള അന്വേഷണത്തിൽ അതിനുള്ള സാധ്യത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. സുബിറ സംസ്ഥാനം വിട്ടു പോയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതു മുതൽ സംസ്ഥാന അതിർത്തികളിലും തെരച്ചിൽ നടത്തിയിരുന്നു.
Published by: Anuraj GR
First published: March 30, 2021, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories