ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ക്രൂരത അരങ്ങേറിയത്. ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോൺ ഓർഡർ ചെയ്ത 20കാരൻ കൊലപ്പെടുത്തിയത്- ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ. ഓർഡറിന് നൽകാൻ പണമില്ലാത്തതിനാലാണ് കൊലപാതകം.
ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ഫെബ്രുവരി ആദ്യം ഫ്ലിപ്കാർട്ട് വഴി ഒരു ഐഫോൺ ഓർഡർ ചെയ്തു. ഇ-കൊമേഴ്‌സ് സൈറ്റിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി ഏഴിന് പ്രതിയുടെ വീട്ടിലെത്തി ഫോൺ കൈമാറി. ഫോൺ ഡെലിവറി ചെയ്യുന്നതിനിടെ പണമിടപാടും മൊബൈൽ ഫോൺ അൺബോക്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ദത്ത, നായിക്കിനെ വീട്ടിൽ വെച്ച് കത്തികൊണ്ട് കുത്തുകയുമായിരുന്നു.
നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും ദത്ത മൃതദേഹം ഒളിപ്പിച്ചതായും പോലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ദത്ത മൃതദേഹം ഒളിപ്പിച്ച ബാഗ് അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഫെബ്രുവരി ഏഴ് മുതൽ ഹേമന്ദ് നായിക്കിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ മഞ്ജു നായിക് ആർസെക്കരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ പോലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന പ്രതിയെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിക്കെതിരെ കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.