വിശാഖപട്ടണം: 18 വയസ് മുതിർന്ന വിവാഹിതയുമായുള്ള ബന്ധത്തെ എതിർത്തതിന് 21കാരൻ പിതാവിനെ ക്രൂരമായി ആക്രമിച്ച് ദൃശ്യങ്ങൾ കാമുകിയെ ലൈവ് ആയി കാണിച്ചു. വീഡിയോ കോൾ ചെയ്താണ് സ്വന്തം പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ദൃശ്യം കാമുകിയായ സ്ത്രീയെ യുവാവ് കാണിച്ചത്.
ആന്ധ്രാ പ്രദേശിലെ ചിറ്റൂർ രണ്ടാം ടൗൺ പരിധിയിലാണ് സംഭവം. ഭരത് എന്ന 21കാരൻ ഞായറാഴ്ചയാണ് പിതാവിനെ ക്രൂരമായി ആക്രമിച്ചത്. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് തിങ്കളാഴ്ച വൈകിയാണ്.
ഭരത് പട്ടണത്തിൽ തന്നെയുള്ള വിവാഹിതയായ 39കാരിയുമായി അവിഹിതബന്ധം പുലർത്തിയിരുന്നു. ഇക്കാര്യം അറിഞ്ഞ പിതാവ് ദില്ലി ബാബു മകനെ താക്കീത് ചെയ്തു. ഹോം ഗാർഡായി ജോലി ചെയ്യുന്ന ദില്ലി ബാബുവും മകനും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു.
ഒടുവിൽ മകനെതിരെ ദില്ലി ബാബു പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ചിറ്റൂർ പോലീസ് ഭരതിനെ വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊലീസിൽ പരാതി നൽകിയതിന് ഭരതിന് പിതാവിനോട് വൈരാഗ്യമായി. ഇതോടെയാണ് ഞായറാഴ്ച രാത്രി ഭരത് പിതാവിനെ വടികൊണ്ട് മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരമാസകലം ക്രൂരമായാണ് ഭരത് പിതാവിനെ മർദിച്ചത്. കൂടാതെ പ്രതി വീഡിയോ കോൾ ചെയ്ത് പിതാവിനെ ആക്രമിക്കുന്നത് കാമുകിയെ കാണിച്ചു.
Also Read- കോട്ടയം കുരുവിക്കൂട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു; രണ്ടുപേർക്ക് പരിക്ക്
മകന്‍റെ മർദനത്തിൽ അവശനായ ദില്ലി ബാബുവിനെ വീട്ടുകാർ ചിറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറ്റൂർ രണ്ടാം ടൗൺ സബ് ഇൻസ്പെക്ടർ മല്ലികാർജുന പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.